ചൂഷണം ചെറുത്ത ചെത്തുതൊഴിലാളികൾ

കോട്ടയം ചൂഷണങ്ങളിൽനിന്ന് ജില്ലയിലെ കള്ളുചെത്തുതൊഴിലാളികൾ മുക്തരായത് സിഐടിയുവിന്റെ നേതൃത്വത്തിൽ ശക്തമായ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയായിരുന്നു. സംഘടിതരായ ചെത്തുതൊഴിലാളികൾ ശക്തരായപ്പോൾ ചൂഷകവർഗം വിറച്ചു. മാന്യമായ വേതനം തങ്ങളുടെയും അവകാശമാണെന്ന് ഉറക്കെ വിളിച്ചുപറയാൻ അവർക്ക് ശക്തിനൽകിയത് ട്രേഡ് യൂണിയൻ പ്രവർത്തനമായിരുന്നു. 1960കളിൽത്തന്നെ ജില്ലയിൽ ചെത്തുതൊഴിലാളി യൂണിയനുകൾ ശക്തമായി നിലനിന്നിരുന്നു. കോട്ടയത്തും പുതുപ്പള്ളിയിലും എം കെ സുകുമാരൻ, ചങ്ങനാശേരിയിൽ വി ആർ ഭാസ്കരൻ, ഏറ്റുമാനൂരിൽ പി പി പരമേശ്വരൻപിള്ള, വൈക്കത്ത് വി കെ ഗോപിനാഥൻ തുടങ്ങിയവരായിരുന്നു നേതൃത്വം. അളവിൽ കൃത്രിമം കാണിച്ച് ഷാപ്പുടമകൾ ചെത്തുകാരെ കബളിപ്പിച്ചിരുന്നു. ഷാപ്പുകളുടെ പരിധിയിൽ വരാത്ത പുറമ്പോക്ക് സ്ഥലങ്ങളിൽനിന്ന് പലരും ഇഷ്ടാനുസരണം ചെത്തി കള്ള് വിറ്റിരുന്നു. ഇത്തരം അനധികൃത ചെത്തിനും ചൂഷണങ്ങൾക്കുമെതിരെയാണ് യൂണിയനുകൾ പിറവികൊണ്ടത്. ജില്ലയിലെ ചെത്തുതൊഴിലാളികൾക്ക് അത് സംഘടിത രൂപം നൽകി. ജില്ലയിൽ തെങ്ങുകൾക്ക് വ്യാപകമായി രോഗം ബാധിച്ച 1970കളുടെ ആദ്യം, ചെത്ത് മേഖല ആർ ബ്ലോക്കിലേക്ക് കേന്ദ്രീകരിച്ചു. കോട്ടയം ജില്ലക്ക് പുറമെ മറ്റ് ജില്ലകളിലേക്കും കള്ള് കൊണ്ടുപോയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇൗ പ്രദേശത്തെ ചെത്തുതൊഴിലാളികൾ, തങ്ങളുടെ അവകാശസംരക്ഷണത്തിന് യൂണിയൻ വേണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പാർടി ഇതിനായി കെ എം എബ്രഹാമിനെയും വി ആർ രാമൻകുട്ടിയെയും ചുമതലപ്പെടുത്തി. അവർ ആർ ബ്ലോക്കിലെത്തി കായൽമേഖല ചെത്തുതൊഴിലാളി യൂണിയന് (സിഐടിയു) രൂപംനൽകി. 1973 ഏപ്രിലിൽ ആരംഭിച്ച യൂണിയനിൽ നൂറുകണക്കിന് ചെത്തുകാർ അംഗങ്ങളായി. നിരവധി അവകാശങ്ങൾ സമരത്തിലൂടെ നേടിയെടുക്കാൻ സംഘടനക്ക് കഴിഞ്ഞതായി അന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന തിരുവാർപ്പ് എൺപറയിൽ എ കെ മാധവൻ (മങ്കുഴി മാധവൻ) ഓർക്കുന്നു. കള്ള് ശേഖരിക്കുന്ന 22 ലിറ്ററിന്റെ കന്നാസ് 20 ലിറ്ററിന്റേതാണെന്നുപറഞ്ഞ് തൊഴിലാളികളെ വഞ്ചിക്കുന്നതിനെതിരെ കായൽമേഖല യൂണിയൻ 1975ൽ സമരം നടത്തി. അതോടെ ഇൗ തട്ടിപ്പിന് അറുതിയായി. ഒരു ലിറ്റർ കള്ളിന് നൽകിയിരുന്ന 88 പൈസയിൽനിന്ന് ക്ഷേമനിധിയിലേക്കുള്ള തൊഴിലാളിയുടെ വിഹിതമെന്ന പേരിൽ എട്ട് പൈസ പിടിച്ചിരുന്നു. ക്ഷേമനിധിയിൽ അംഗത്വം പോലുമില്ലാത്തവരുടെ പണം ഇത്തരത്തിൽ പിടിക്കുന്നതിനെതിരെ യൂണിയൻ നടത്തിയ സമരം വിജയകരമായി. ലിറ്ററിന് 98 പൈസയാക്കുകയും ക്ഷേമനിധി അംഗത്വം ഉറപ്പാക്കുകയും ചെയ്തു. 1980ൽ ബോണസിനായി നടത്തിയ 22 ദിവസം നീണ്ട സമരത്തിന്റെ ഫലമായി 150 രൂപ എക്സ് ഗ്രേഷ്യയായി നൽകാൻ തീരുമാനിച്ചു. ചെത്തുതൊഴിലാളി യൂണിയനുകൾ ഇന്നും ജില്ലയിൽ ശക്തമായി നിലനിൽക്കുന്നു.








0 comments