Deshabhimani

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവുള്ളക്കാവ്‌ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന  എഴുത്തിനിരുത്തൽ

തിരുവുള്ളക്കാവ്‌ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ

വെബ് ഡെസ്ക്

Published on Oct 22, 2026, 12:03 AM | 1 min read

തൃശൂർ

വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവച്ച് കുരുന്നുകൾ. ജില്ലയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും ആയിരക്കണക്കിന് കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ബുധനാഴ്ച രാവിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. ആചാര്യന്മാരും ഗുരുക്കന്മാരും മാതാപിതാക്കളും കൈപിടിച്ചപ്പോൾ ചില കുരുന്നുകൾ കരച്ചിലോടെ, മറ്റു ചിലർ അൽപ്പം ഗൗരവത്തോടെ അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. ആദ്യം കുരുന്നുകളുടെ നാവിൽ ഹരിശ്രീ കുറിച്ചു. തുടർന്ന് കൈവിരൽ പിടിച്ച് അരിമണികളിൽ അക്ഷരങ്ങൾ എഴുതിച്ചു. കുരുന്നുകളുടെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പിന് രക്ഷിതാക്കളും ബന്ധുക്കളും സാക്ഷികളായി. വടക്കുന്നാഥ ക്ഷേത്രത്തിൽ കീഴ്ശാന്തി വിനീത് ശങ്കരന്റെ നേതൃത്വത്തിലായിരുന്നു എഴുത്തിനിരുത്തൽ. രാവിലെ ഏഴരയോടെ ആരംഭിച്ച ചടങ്ങിൽ നിരവധികുട്ടികൾ ആദ്യാക്ഷരം കുറിക്കാനെത്തി. പുസ്തകങ്ങള്‍, വീണ, ഓടക്കുഴൽ എന്നിവ പൂജയ്ക്ക് വച്ചവരുണ്ടായിരുന്നു. വിദ്യാരംഭത്തിനുശേഷം സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിലെ വ്യാസശിലയിലും നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു. ടി വി ശ്രീധരവാര്യരുടെ നേതൃത്വത്തിൽ അമ്പതോളം പേർ ആചാര്യന്മാരായി. ‌ പൊലീസ് ഉൾപ്പെടെ മൂന്നൂറോളം പേരാണ് സുരക്ഷ ഉറപ്പാക്കാൻ ഉണ്ടായിരുന്നത്. അപ്പം, പായസം, തിരുമധുരം, കദളിപ്പഴം എന്നിവ പ്രസാദമായി വിതരണം ചെയ്തു. തെക്കേ സ്വാമിയാർ മഠത്തിൽ മഹാസാരസ്വതഘൃതം വിതരണവും എഴുത്തിനിരുത്തും നടന്നു. രാവിലെ 7.30ന് ആരംഭിച്ച വിദ്യാരംഭത്തിൽ അഡ്വ. പി പരമേശ്വരൻ, കോതമംഗലം വാസുദേവൻ നമ്പൂതിരി, വടക്കുമ്പാട് നാരായണൻ, തിരുത്തുമുക്ക് പരമേശ്വരൻ നമ്പൂതിരി എന്നിവർ ആചാര്യന്മാരായി. അക്ഷരശ്ലോകസദസ്സ്, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സുവർണമുദ്ര സമർപ്പണം, വാക്യാർത്ഥസദസ്സ്‌ എന്നിവയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home