ad
Deshabhimani

പലഹാരവുമായി ആ സ്നേഹം 
ഇനിയെത്തില്ല

സുരേഷിന്  അന്ത്യാഞ്‌ജലി അർപ്പിക്കുന്ന കുടുംബം

സുരേഷിന് അന്ത്യാഞ്‌ജലി അർപ്പിക്കുന്ന കുടുംബം

avatar
സ്വന്തംലേഖകൻ

Published on Apr 29, 2026, 12:15 AM | 1 min read


കുണ്ടന്നൂർ

പലഹാരവുമായി അച്ഛൻ വരുന്നത്‌ കാത്തിരുന്ന മകൾക്ക്‌ മുന്നിലേക്ക്‌ എത്തിയത്‌ മൃതദേഹം. അതും ദിവസങ്ങൾക്ക്‌ ശേഷം. രാവിലെ ഭാര്യ ബിന്ദുവിനോടും മകൾ ആദിശ്രീയോടും യാത്രപറഞ്ഞ് വൈകിട്ട് പലഹാരം വാങ്ങി വരാമെന്ന് മകളോട് പറഞ്ഞാണ്‌ സുരേഷ്‌ മുണ്ടത്തിക്കോട്ടെ വെടിക്കോപ്പ്‌ നിർമാണശാലയിലെത്തിയത്‌. എത്ര പണിത്തിരക്ക് ഉണ്ടെങ്കിലും രാത്രി മകൾക്ക് പലഹാരവുമായി വീട്ടിലെത്തുന്ന സുരേഷ് ഇനിയില്ല എന്ന യാഥാർഥ്യം കുടുംബത്തിന് ഉൾക്കൊള്ളാനാകുന്നില്ല. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഡിഎൻഎ പരിശോധനയിലൂടെയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. വീട്ടുകാർക്കും നാട്ടുകാർക്കും ഒരുനോക്ക് കാണാൻ പറ്റാത്ത വിധത്തിൽ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ ചേർത്തുവെച്ചാണ്‌ സുരേഷിനെ വീട്ടിലെത്തിച്ചത്. സുരേഷിന്റെ ഛായാചിത്രത്തിലാണ്‌ കുടുംബം അന്ത്യാഞ്ജലി അർപ്പിച്ചത്‌. 17 വർഷമായി വെടിക്കോപ്പ്‌ നിർമാണ മേഖലയിൽ തൊഴിലാളിയാണ്‌ കാഞ്ഞിരക്കോട് ചോരത്ത് വീട്ടിൽ സുരേഷ് (51). ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ മൃതദേഹം ചൊവ്വ പകൽ 11ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് തെക്കുംകരയിലെ തറവാട്ടു വീട്ടിലും കാഞ്ഞിരക്കോട്ടെ വാടക വീട്ടിലും പൊതുദർശനം നടത്തി. എംഎൽഎമാരായ എ സി മൊയ്തീൻ, സേവ്യർ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി നഫീസ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ഗിരീഷ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്ത ഉണ്ണികൃഷ്ണൻ, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, വൈസ്‌ ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന്‌ ഷൊർണൂർ ശാന്തിതീരത്ത് സംസ്കാരം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home