Deshabhimani

പൊലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും നിസ്സഹകരണം-

ചാലക്കുടിയില്‍ ട്രാഫിക് പരിഷ്‌കരണം പാളി

നഗരസഭയ്ക്ക് സമീപം സര്‍വീസ് റോഡിലെ നോ എന്‍ട്രി ബോര്‍ഡ് മറികടന്ന് പോകുന്ന വാഹനങ്ങള്‍

നഗരസഭയ്ക്ക് സമീപം സര്‍വീസ് റോഡിലെ നോ എന്‍ട്രി ബോര്‍ഡ് മറികടന്ന് പോകുന്ന വാഹനങ്ങള്‍

വെബ് ഡെസ്ക്

Published on Oct 22, 2026, 12:31 AM | 1 min read

ചാലക്കുടി

പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും നിസ്സഹകരണംകൊണ്ട്‌ നഗരസഭയുടെ ട്രാഫിക് പരിഷ്‌കരണം പാളി. ട്രാഫിക് പരിഷ്‌കരണം പ്രഖ്യാപിച്ച് രണ്ടാഴ്ചയോടടുക്കുമ്പോഴും നഗരത്തില്‍ പരിഷ്‌കരണം നടപ്പിലാക്കാനായില്ല. പലയിടത്തും നോ പാര്‍ക്കിങ് അടക്കമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികളൊന്നുമായില്ല. നഗരസഭയ്ക്ക് മുന്നില്‍ അടിപ്പാതയിലേക്കുള്ള സര്‍വീസ് റോഡിലൂടെ ഗതാഗതം നിരോധിച്ച് നോ എന്‍ട്രി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരസഭയുടെ വാഹനങ്ങളടക്കം നിയമം ലംഘിച്ച് ചീറിപ്പായുകയാണ്. ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള നഗരത്തിലെ പല ഭാഗത്തും ഇതുതന്നെയാണവസ്ഥ. ദേശീയപാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ മേല്‍പ്പാലമിറങ്ങി സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ഇത് ഇവിടെ ഇപ്പോഴും പാലിക്കപ്പെടുന്നില്ല. ദേശീയപാതയിലേയും സര്‍വീസ് റോഡിലേയും അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാനായാണ് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചത്. ഇതിന് പകരമായി ചാലക്കുടിപ്പുഴ പാലം കഴിഞ്ഞ് സര്‍വീസ് റോഡ് വഴി വന്ന് സൗത്ത് ജങ്ഷനില്‍ സുരാഗ് ബില്‍ഡിങ്ങിന് മുന്നിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. എന്നാല്‍ പാർക്കിങ്‌ നിരോധിച്ച സ്ഥലത്ത് തന്നെയാണ് ഇപ്പോഴും ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തുന്നത്. ഇത്‌ തടയാന്‍ പൊലീസും തയ്യാറാകുന്നില്ല. മാര്‍ക്കറ്റ് റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കടക്കം വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയതായിരുന്നു മറ്റൊരു പരിഷ്‌കാരം. ഇതിനെതിരെ വ്യാപാരികളും വ്യാപാര സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനോ വണ്‍വേ നടപ്പിലാക്കാനോ ഇതുവരേയും ബന്ധപ്പെട്ടവര്‍ക്കായില്ല. ടൗണിലെ ബസ് സ്റ്റോപ്പുകളില്‍ ചിലത് പരിഷ്‌കാരത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടെങ്കിലും ബസുകള്‍ തോന്നുന്നപോലെയാണിപ്പോഴും നിര്‍ത്തുന്നത്. അടിപ്പാതയിലെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമായതല്ലാതെ ശമനമുണ്ടായിട്ടില്ല. പലഭാഗത്തേയും അപ്രായോഗിക പരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്. ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിസ്സഹകരണ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home