ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടി ജനം കാഴ്‌ചക്കാരായി നഗരസഭ ഭരണസമിതി

ചാലക്കുടി അടിപ്പാതയില്‍ ശനിയാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
ചാലക്കുടി
ഗതാഗതക്കുരുക്കില്‍ ജനം പൊറുതി മുട്ടുമ്പോഴും ഓണാഘോഷ പരിപാടികളില്‍ മാത്രമായൊതുങ്ങി നഗരസഭ ഭരണസമിതി. പട്ടണത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുമ്പോഴും അത് പരിഹരിക്കാൻ നഗരസഭ ചെയര്‍മാന്‍ ആലീസ് ഷിബുവും വൈസ് ചെയര്‍മാന്‍ കെ വി പോളും തയ്യാറാകുന്നില്ലെന്ന് ആരോപണം. കലാഭവന്‍ മണി പാര്‍ക്കിലൊരുക്കിയ ഓണാഘോഷ പരിപാടികളില്‍ മാത്രമായി നഗരസഭ ഭരണം ഒതുങ്ങിയതോടെ പട്ടണത്തിലെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് നാട്ടുകാര്‍. അടിപ്പാതയിലും ആനമല റോഡിലെ ട്രാംവേ ജങ്ഷനിലും വലിയ ഗതാഗതക്കുരുക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. സര്‍വീസ് റോഡുകളില്‍നിന്ന് തലങ്ങും വിലങ്ങും വാഹനങ്ങള്‍ അടിപ്പാതയിലേക്ക് പ്രവേശിച്ചതോടെ പ്രദേശത്ത് വലിയ കുരുക്കാണ് അനുഭവപ്പെട്ടത്. ഗവ. ഐടിഐവരെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിന്റെ സേവനവും ഉണ്ടായില്ല. ഗതാഗത തടസ്സം പരിഹരിക്കാൻ ട്രാംവേ റോഡിൽ സ്ഥാപിച്ച അശാസ്ത്രീയ റൗണ്ടെബൗട്ട് ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാക്കി. തലനാരിഴയ്‌ക്കാണ് പലരും അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുന്നത്. പരാതികളും ആരോപണങ്ങളും ഉയര്‍ന്നിട്ടും അപാകം പരിഹരിക്കാനോ വേണ്ട ഇടപെടല്‍ നടത്താനോ നഗരസഭാ ഭരണസമിതി തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രഖ്യാപിക്കുന്ന കാര്യങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ഭരണസമിതിക്കെതിരെ ഉയരുന്ന മറ്റൊരാക്ഷേപം. സര്‍വീസ് റോഡുകളിലെ ഭാരമേറിയ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് ഒഴിവാക്കാന്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിടുമ്പോഴും ബോര്‍ഡ് പോലും സ്ഥാപിക്കാനായില്ല. നഗരസഭ ഭരണം ആഘോഷങ്ങളില്‍ മാത്രമായി ഒതുങ്ങിയതോടെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കുംമൂലം ദുരിതത്തിലായിരിക്കയാണ് നഗരവാസികള്‍.










0 comments