ഓണാവധി കഴിഞ്ഞു
മലയാളികൾ പെട്ടു; മടങ്ങാൻ ട്രെയിന്‍ ടിക്കറ്റില്ല


സ്വന്തം ലേഖകൻ
Published on Aug 30, 2026, 01:15 AM | 2 min read
കൊല്ലം
ഓണാഘോഷവും അവധിയും കഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ട ട്രെയിൻ യാത്രക്കാരായ മലയാളികൾക്ക് റിസർവേഷൻ ടിക്കറ്റ് കിട്ടാനില്ല. കൊല്ലം, പരവൂർ, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ രാത്രിമുതൽ യാത്രക്കാർ ഉറക്കമൊഴിഞ്ഞും റിസർവേഷൻ ടിക്കറ്റിനായി കാത്തിരിപ്പാണ്. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുകയാണ് ഏറെപ്പേരും. കണ്ണടച്ചുതുറക്കും മുമ്പാണ് റിസർവേഷൻ സീറ്റുകൾ തീരുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും തമിഴ്‌നാട് ഭാഗത്തുനിന്നുള്ളവരും മലബാർ മേഖലയ്‌ക്ക് പോകാൻ എത്തുന്നത് കൊല്ലം സ്റ്റേഷനിലാണ്. ഇവിടെയെത്തുന്നവരും റിസർവേഷൻ ടിക്കറ്റ് കിട്ടാതെ മടങ്ങുകയാണ്. വെയിറ്റിങ് 150 എല്ലാ ട്രെയിനുകളിലും റിസർവേഷൻ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് 100–150 ആണ്. കേരളത്തിനുള്ളിൽതന്നെ വിവിധ ജില്ലകളിൽ സ്ഥിരതാമസക്കാരായവർക്കുപോലും ജന്മനാട്ടിൽനിന്നു കുടുംബസമേതം മടങ്ങാൻ ടിക്കറ്റില്ല. ഓണസീസണിലും ഓണാവധി കഴിഞ്ഞും സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിക്കാത്തതിന്റെ ദുരിതമാണ് യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് മലബാറിലേക്കും ബംഗളൂരുവിലേക്കും തിരിച്ചും കടുത്ത യാത്രാക്ലേശമാണ് സാധാരണ സമയത്തുപോലും. ഓണക്കാലത്ത് ഇത് പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതമായി. കന്യാകുമാരി, നാഗർകോവിൽ സ്റ്റേഷനുകളിൽനിന്ന് ബംഗളൂരുവിനും മലബാർ സ്റ്റേഷനുകളിലേക്കും കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. സ്വകാര്യ ബസും വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് തിരിച്ചടിയായെങ്കിലും അതുംപോലും ഉദ്ദേശിക്കുന്ന തീയതിയിൽ കിട്ടാനില്ല. യാത്രയ്ക്ക് തൊട്ടുമുന്പുള്ള ദിവസങ്ങളിൽ ട്രെയിൻ തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റുകളിൽ കണ്ണുംനട്ടിരിപ്പാണ് യാത്രക്കാർ. നാലിരട്ടി പണം നല്‍കി ലഭിക്കുന്ന തല്‍ക്കാലും കിട്ടാക്കനിയാണ്. പ്രത്യേക ട്രെയിനുകള്‍ നീട്ടണം തിരക്ക് പരിഹരിക്കാൻ ഓണക്കാലത്തേക്ക് റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി– -കോട്ടയം ഉൾപ്പെടെയുള്ള ഏക പ്രത്യേക ട്രെയിനുകളുടെ സർവീസ് തീയതി നീട്ടണം. സ്പെഷ്യൽ ട്രെയിനുകളിൽ തേർഡ് എസി നിരക്കുകൾ സാധാരണ നിരക്കിനേക്കാൾ കൂടുതലാണെങ്കിലും അതും കിട്ടുന്നില്ല. ഓണക്കാലത്ത് ബംഗളൂരുവിൽനിന്നു നാട്ടിലെത്താൻ കഴിയാത്ത മലയാളികൾ ഏറെയാണ്. ഇതേ അവസ്ഥയിലാണ് കേരളത്തിൽ വന്നശേഷം തിരികെപ്പോകാൻ കഴിയാത്തവരുടേതും. തിരുവനന്തപുരം– മംഗലാപുരം പാതയിൽ മാവേലി, മലബാർ, പരശുറാം, മംഗലാപുരം എക്‌സ്‌പ്രസ്, ഏറനാട് തുടങ്ങിയ ട്രെയിനുകളാണുള്ളത്. ഇതിൽ പരശുറാം, ഏറനാട് ട്രെയിനുകൾ ഡേ വണ്ടികളാണ്. രാത്രി സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളിലാണ് റിസർവേഷൻ ടിക്കറ്റ് കിട്ടാനില്ലാത്തത്. ഷൊർണൂർ വരെ സർവീസ് നടത്തുന്ന വേണാട് എക്‌സ്‌പ്രസും ഡേ ട്രെയിനാണ്.










0 comments