അതിര് ആകാശം

എം സ്നേഹയും സി പി ഹന്നയും
ജിബിന എ എസ്
Published on Aug 30, 2026, 01:30 AM | 1 min read
ഹോസ്റ്റൽ മുറിയിൽ പിറന്ന ചെറിയൊരു സ്വപ്നം. ഇന്നത് ലക്ഷക്കണക്കിന് ആളുകളിലേക്കെത്തുന്ന ആത്മവിശ്വാസത്തിന്റെ നേര്‍ക്കാഴ്ചകളാണ്. തൃശൂർ കേരളവർമ്മ കോളേജിലെ ഡിഗ്രി പഠനകാലത്ത് ഒരേ ഹോസ്റ്റൽ മുറിയിലാണ് എം സ്നേഹയും സി പി ഹന്നയും താമസിച്ചിരുന്നത്. കാഴ്ചപരിമിതരായ ഇരുവരും അതിവേഗം അടുത്ത സുഹൃത്തുക്കളായി. നേരംപോക്ക് സംസാരങ്ങൾക്കിടയിലാണ് “നമുക്കൊരു യുട്യൂബ് പേജ് തുടങ്ങിയാലോ?” എന്ന ചോദ്യം അവര്‍ക്കിടയില്‍ ഉയര്‍ന്നത്. പിന്നീടങ്ങോട്ട് ആ ചോദ്യത്തെ ചുറ്റിപറ്റിയായിരുന്നു അവരുടെ ചര്‍ച്ച. ഒടുവില്‍ പിജി ഒന്നാം വര്‍ഷം യുട്യൂബില്‍ "ക്യൂട്ട്കാരീസ്' എന്ന പേജ് ആരംഭിച്ച് അവര്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കി.
മാസങ്ങള്‍ക്കുശേഷം "ക്യൂട്ട്കാരീസ്' ഇന്‍സ്റ്റഗ്രാമിലുമെത്തി. ഇതിനിടെ അവര്‍ പങ്കുവച്ച ഒരു ഫുഡ് റീലിന് അപ്രതീക്ഷിതമായി റീച്ച് ലഭിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണം കൂടികൂടിവന്നു. അതിനുശേഷം ലക്ഷക്കണക്കിനാളുകള്‍ കാണുന്ന റീലുകള്‍ പുറത്തുവിടുന്ന ഇന്‍സ്റ്റഗ്രാം പേജായി മാറി "ക്യൂട്ട്കാരീസ്'.
കാഴ്ചയ്ക്ക് പരിമിതിയുണ്ടെങ്കിലും, സ്വന്തം കഥ പറയാന്‍ അവർ ആരെയും കാത്തുനിൽക്കുന്നില്ല. ഫോണും ട്രൈപോഡും മതി അവര്‍ക്ക് റിലൊരുക്കാന്‍. ചില സമയങ്ങളില്‍ സുഹൃത്തുക്കളും ഫോണിന് പിന്നിലെത്തും. ഇംഗ്ലീഷ് സാഹിത്യത്തിൽ സ്നേഹയും മലയാളം സാഹിത്യത്തിൽ ഹന്നയും പിജി പൂർത്തിയാക്കി. ഇപ്പോൾ ഇരുവരും ഒറ്റപ്പാലത്ത് ബിഎഡ് പഠിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ മുതൽ അവരുടെ ജീവിതത്തിലേക്ക് മറ്റൊരു സ്വപ്നം കൂടി കടന്നുവന്നു — യാത്രകൾ. അഞ്ചുപേരടങ്ങുന്ന സംഘമായാണ് യാത്ര. സംഘത്തിലെ ബാക്കിയുള്ളവരും കാഴ്ചപരിമിതർ തന്നെ. കാഴ്ചപരിമിതി യാത്രകളില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് യാത്രചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം. തൃശൂർ പീച്ചി ഡാമിലെ മാണിക്യന്റെയും മിനിയുടെയും മകളായ സ്നേഹയ്ക്ക് ഗ്ലൂക്കോമ ബാധിച്ചതിനെ തുടർന്ന് ആറാം വയസ്സിലാണ് കാഴ്ച കുറഞ്ഞുതുടങ്ങിയത്.
പെരിന്തൽമണ്ണയിലെ സക്കീർ ഹുസൈന്റെയും ഷെഹലയുടെയും മകളായ ഹന്നയുടെ കണ്ണിന്റെ നിറം ജനിച്ച് ആറുമാസമായപ്പോൾ മാറിത്തുടങ്ങി. പിന്നാലെ കാഴ്ചയും കുറഞ്ഞു. എന്നാൽ, കാഴ്ച മങ്ങിയപ്പോഴും അവരുടെ സ്വപ്നങ്ങൾക്ക് മങ്ങലേറ്റില്ല. “മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും ഒപ്പമുണ്ടെങ്കിൽ പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നേറാം.” എന്നാണ് ഇരുവരും പറയുന്നു. ഈ വാചകത്തിന് അവരുടെ ജീവിതം തന്നെയാണ് തെളിവെന്നും അവര്‍ പറയുന്നു.










0 comments