print edition നിർമാണമേഖല സ്‌തംഭിച്ചു

എസ് കിരൺബാബു
Published on Aug 30, 2026, 01:41 AM | 2 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിൽ സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭിച്ചു. അധികാരത്തിൽവന്ന് 100 ദിനം പിന്നിട്ടപ്പോൾ മലയോര, തീരദേശ ഹൈവേകളും റെയിൽ മേൽപ്പാലവും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ വൻകിട പദ്ധതികളാകെ നിലച്ചു. വിവിധ വകുപ്പുകളിലായി കിഫ്ബി ഫണ്ടിലുള്ള 12,500 കോടിയുടെ 500 പദ്ധതികളുടെ ടെൻഡർ നടപടികളും മരവിപ്പിച്ചു. പദ്ധതി ചുരുക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശമാണ് സ്ഥിതി രൂക്ഷമാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ അനുമതി നൽകിയ 8,770 കോടി രൂപയുടെ 25 പദ്ധതികളും അനിശ്ചിതത്വത്തിലായി. എംസി റോഡ് നാലുവരിയാക്കൽ ഉൾപ്പെടെ പ്രധാന പദ്ധതികള്‍ ഇതിലുള്‍പ്പെടും. 475 കോടി രൂപയുടെ സംസ്ഥാന പാതകളുടെ നവീകരണവും നടക്കുന്നില്ല. കള്ളാടി –മേപ്പാടി തുരങ്കപാത നിർമാണം നിർത്തിയിട്ട് ആഴ്ചകളായി. ജലജീവൻ മിഷനുവേണ്ടി പൊളിച്ച 20,000 കിലോമീറ്ററോളം റോഡിന്റെ പുനര്‍നിര്‍മാണവും മുടങ്ങി. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന കർമപദ്ധതികളിലെ നിർമാണവും ഇഴയുന്നു. എന്നാല്‍ എൽഡിഎഫ് ഭരണത്തില്‍ തുടങ്ങിയ വിവിധ നിര്‍മാണപ്രവര്‍ത്തനം 100 ദിന പദ്ധതിയിൽപ്പെടുത്തി ക്രെഡിറ്റ് എടുക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു.
ശബരിമല തീർഥാടനകാലത്തേക്ക് നവീകരിക്കേണ്ട, മൂന്ന് ജില്ലകളിലെ 800 കിലോമീറ്റർ റോഡ് നിർമാണവും അനിശ്ചത്വത്തിലായി. നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും അനിയന്ത്രിതമായ വിലക്കയറ്റവും തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു. ചെയ്ത ജോലിയുടെ പണവും കരാരുകാര്‍ക്ക് അനുവദിക്കുന്നില്ല. പലയിടത്തും കോൺഗ്രസ്, ലീഗ് നേതാക്കൾ ബില്ല് പാസാക്കി പണം ലഭ്യമാക്കാന്‍ ഇടനിലക്കാരായി രംഗത്തുവരുന്നു. അഴിമതി തലപൊക്കുന്നതോടെ നിര്‍മാണത്തിലെ ഗുണനിലവാരവും തകരും. അതിനിടെ കാലവർഷത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണി ടെൻഡറില്ലാതെ അടുപ്പക്കാരായ കരാറുകാർക്ക് നൽകാനും നീക്കം പൊതുമരാമത്ത് വകുപ്പിൽ നീക്കം തുടങ്ങിയിട്ടുണ്ട്.
എൽഡിഎഫ് സര്‍ക്കാര്‍ പശ്ചാത്തല വികസനമേഖലയ്‌ക്ക് പ്രത്യേക ഊന്നല്‍ നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിനുകീഴിൽ റോഡുകൾ, റെയിൽവേ മേൽപ്പാലങ്ങൾ, അടിപ്പാത, ജങ്ഷനുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ നിർമിച്ചിരുന്നു. പത്തുവർഷത്തിനിടെ കിഫ്ബി വഴി 74,691 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിലെ 29,522 കിലോമീറ്റർ റോഡിൽ 17,749.11 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലുമാക്കി.
ദേശീയപാത നിർമാണവും നിലച്ചു
തിരുവനന്തപുരം: കാസർകോട് –-തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണവും പ്രതിസന്ധിയിലായി. പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയ മേൽപ്പാലം നിർമിക്കാൻ പലയിടത്തും കരാറും ആയിട്ടില്ല. തെക്കൻ കേരളത്തിലാണ് ഭൂരിഭാഗം റീച്ചുകളിലെയും നിർമാണം ഇഴയുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണവേഗം കൂട്ടാനും സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ദേശീയപാതയുടെ നിർമാണപുരോഗതി വിലയിരുത്തൽ നിലച്ചിരിക്കുകയാണ്.










0 comments