print edition നേപ്പാൾ മിന്നൽ പ്രളയം: മരണം 682, കാണാതായവർ 3000

ന്യൂഡൽഹി: നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ മിന്നൽ പ്രളയം നാശം വിതച്ച മേഖലകളിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തത്തെ ദുഷ്‌കരമാക്കുന്നു. നാലാം ദിവസമായ ശനി വൈകിട്ട് വരെ 682 മരണം റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിൽ 675 പേരും ചൈനയുടെ ടിബറ്റ് മേഖലയിൽ ഏഴ് മരണവുമാണ് സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളിലുമായി കാണാതായവരുടെ എണ്ണം മൂവായിരത്തോളമായി. നേപ്പാളിൽ 473ഉം ചൈനയിൽ 260 വിദേശ പൗരൻമാരെയും കാണാതായി. 287 ഇന്ത്യക്കാരെ കണ്ടെത്താനുണ്ട്. മറ്റ് രാജ്യങ്ങളിലെ പൗരൻമാരായ 128 ഇന്ത്യൻ വംശജരെയും കാണാതായി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് 163 വിദേശികളടക്കം മൂവായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. നേപ്പാളിലെ റസുവയിൽ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ശനിയാഴ്‌ച രക്ഷപ്പെടുത്തി കാഠ്‌മണ്ഡുവിൽ എത്തിച്ചു. 120 ഇന്ത്യക്കാർ ടിബറ്റിൽനിന്ന് റോഡുമാർഗം നേപ്പാളിലെത്തി.
മിന്നല്‍ പ്രളയത്തിന് തുടക്കമിട്ട ഗൈറോങിൽ അവശിഷ്ടങ്ങളും മറ്റും അടിഞ്ഞുകൂടി രൂപപ്പെട്ട തടാകത്തിലെ ജലനിരപ്പ് കുറഞ്ഞു.
തടാകത്തിൽനിന്ന് വെള്ളം സാവധാനം ഒഴുകുന്നുണ്ടെന്നും വിസ്‌തൃതി കുറഞ്ഞെന്നും ചൈന അറിയിച്ചു. ത്രിശൂലി നദിയിൽ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ കുടുങ്ങിയ നൂറിലേറെ തൊഴിലാളികളെ രക്ഷിക്കാൻ ടണൽ രക്ഷാദൗത്യ വിദഗ്‌ധരും ഡോക്ടർമാരും ഉൾപ്പെട്ട 11 അംഗ ഇന്ത്യൻസംഘം നേപ്പാളിലെത്തി. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയിൽ സഹായിക്കാൻ ഫോറൻസിക് വിദഗ്‌ധരുടെ സംഘവും എത്തി. മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി സംവിധാനമില്ലാത്തത് പ്രതിസന്ധിയാണ്.
16 മലയാളികള്‍ കൂടി നാട്ടിലെത്തി
തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയവരിൽ 16 മലയാളികൾകൂടി നാട്ടിലെത്തി. കഴിഞ്ഞ ദിവസം വരെ ബന്ധപ്പെടാനാകാതിരുന്ന എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെയാണ് മടങ്ങിയെത്തിയത്. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് വിവരമില്ല. ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര്‍ സുരക്ഷിതരാണെന്ന് നോർക റൂട്ട്‌സ് അറിയിച്ചു. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി കഴിയുന്നു.
റിനീത് മോഹൻ 23-നാണ് നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖ്രയ്യ്ക്കടുത്തായിരുന്നു. പ്രളയവിവരം വീട്ടുകാർ അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങി. ഡൽഹിയിലേയ്‌ക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതിനാലാണ് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. 27-ന് ഡൽഹിയിൽനിന്ന് ട്രെയിന്‍ കയറിയ റിനീത് ശനിയാഴ്ച ഉച്ചയോടെ നാട്ടി ലെത്തി.
ഹിമാലയൻ സംസ്ഥാനങ്ങൾക്കും ഭീഷണി
ന്യൂഡൽഹി: നേപ്പാളിൽ ഹിമാനിയുടെ ഒരുഭാഗം ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തോടെ രാജ്യത്തെ ഹിമാലയൻ സംസ്ഥാനങ്ങളും ആശങ്കയിൽ. ജമ്മു–കശ്‌മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ എന്നിവിടങ്ങളിലായി പതിനാറായിരത്തിലേറെ ഹിമാനികളുണ്ടെന്നാണ് ഐഎസ്‌ആർഒയുടെ കണക്ക്. 38,000 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്‌തൃതി. ലഡാക്കിലും ഹിമാനിയുടെ ഭാഗമുണ്ട്. ഭൗമതാപനം അതിവേഗമാണ് ഇവയെ ഉരുക്കുന്നത്.
അധിക താപം ഹിമാനികളെ ദുർബലമാക്കുന്നതോടെ മഞ്ഞുപാളികളുടെ അടർച്ച സംഭവിക്കുമോയെന്നാണ് ആശങ്ക. മഞ്ഞുരുകി രൂപപ്പെടുന്ന ഹിമാനി തടാകങ്ങളും ഭീഷണിയാണ്. മഞ്ഞുരുകൽ വേഗത്തിലാകുന്നതോടെ ഭീമൻ തടാകങ്ങൾ പ്രകൃതിദത്തമായ തടസ്സങ്ങളെ ഭേദിച്ച് കുത്തിയൊഴുകാനും സാധ്യതയേറെ. ഇന്ത്യയിൽ മാത്രം 7500 ഹിമാനി തടാകങ്ങളുണ്ട്. ഇവ മഞ്ഞുമലയെ ഭേദിച്ച് പുറത്തേക്കുകടന്നാൽ വലിയ മിന്നൽ പ്രളയമാകും ഉണ്ടാകുക.










0 comments