ad
Deshabhimani

തമിഴ്‌വാന കോണില്

dipu nainan thomas
avatar
രാജിഷ രമേശൻ

Published on Aug 30, 2026, 01:30 AM | 4 min read

അങ്ങ് തമിഴ്‍വാന കോണിൽ മാത്രമല്ല, ഇങ്ങ് മലയാളക്കരയിലും ഹിറ്റായ പാട്ടുകള്‍. "അങ്ങ് വാന കോണില്', "കിളിയെ തത്ത കിളിയെ' ,"ഒറ്റയടി പാതയിലെ പാട്ട്' തുടങ്ങി റീൽസുകളിൽ ആവര്‍ത്തിക്കപ്പെടുന്ന ഈ തമിഴ്‌, മലയാളം പാട്ടുകളുടെയെല്ലാം പിന്നിലുള്ളത് തനി കോട്ടയംകാരനാണ്‌. സംഗീത സംവിധായകന്‍ ദിബു നൈനാൻ തോമസ്‌. തമിഴ് സിനിമകളിൽ നിരവധി ഹിറ്റുകളൊരുക്കിയ ദിബു ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. കാത്തിരുന്ന് മലയാളത്തിൽ ചെയ്‌‍ത "അജയന്റെ രണ്ടാം മോഷണം' സിനിമയിൽ തന്റെ സംഗീതത്തിൽ പിറന്ന "അങ്ങ് വാന കോണില്' പാട്ടിന് വൈക്കം വിജയലക്ഷ്‍മിക്ക് മികച്ച ഗായികയ്‍ക്കുള്ള ദേശീയപുരസ്‍കാരം ലഭിച്ചു. ഈ ചിത്രത്തിലെതന്നെ "കിളിയെ തത്ത കിളിയെ' പാട്ടിലൂടെയാണ് കെ എസ്‌ ഹരിശങ്കറിന് ആദ്യ സംസ്ഥാന അവാര്‍ഡ് കിട്ടിയത്. ഇരട്ടി സന്തോഷത്തിനിടെ ദേശാഭിമാനിയോട് ദിബു സംസാരിക്കുന്നു. കോട്ടയത്തുനിന്ന് ചെന്നൈയിലെത്തിയ പാട്ടുവഴികളെക്കുറിച്ച്

എആർഎം; അംഗീകാരത്തിന്റെ ഇരട്ടിമധുരം

തമിഴിൽ നിരവധി അവസരങ്ങളുണ്ടായെങ്കിലും മലയാളത്തിൽ കാത്തിരിപ്പിലായിരുന്നു. ജിതിൻ ലാൽ സംവിധാനംചെയ്‌ത അജയന്റെ രണ്ടാം മോഷണത്തിലൂടെ അത് സഫലമായി. മൂന്ന്‌ കാലഘട്ടം വരുന്ന ആ കഥ ആകര്‍ഷിച്ചു. സിനിമയിലെ എല്ലാ പാട്ടും ആഘോഷിക്കപ്പെട്ടതിലെ സന്തോഷം ഇപ്പോഴുമുണ്ട്. "കിളിയെ തത്ത കിളിയെ' പാട്ടിന് ഹരിശങ്കറിന് ആദ്യ സംസ്ഥാന അവാര്‍ഡും "അങ്ങുവാന കോണില്' പാട്ടിന് ഇപ്പോള്‍ വൈക്കം വിജയലക്ഷ്‍മിക്ക് ദേശീയ അവാര്‍ഡും കിട്ടി. വൈക്കം വിജയലക്ഷ്‍മിയുടെ പാട്ട് നേരത്തേ കേട്ടിട്ടുണ്ട്. അവരുടെ ശബ്‍ദം ഭയങ്കര ജനുവിനായിട്ട് തോന്നിയിരുന്നു. അനുയോജ്യമായ പാട്ടുവരുമ്പോള്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. "കനാ' എന്ന ചിത്രത്തിലെ തരംഗമായ "വായാടി പെത്ത പുള്ളെ' പാട്ട് ശിവകാര്‍ത്തികേയനും മകളും വൈക്കം വിജയലക്ഷ്‍മിയും ചേര്‍ന്നാണ് പാടിയത്. എന്നാൽ വൈക്കം വിജയലക്ഷ്‍മിയുടെ ശബ്‍ദം പൂര്‍ണമായും ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു പാട്ടിനായി കാത്തിരിക്കുകയായിരുന്നു. "അങ്ങുവാന കോണി'ലിൽ അത് സംഭവിച്ചു. റെക്കോഡ്‌ ചെയ്യുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇഷ്‍ടമായി. ആ പാട്ടിന് മറ്റൊരു ഗായികയെന്ന ചിന്തയേ വന്നില്ല.


സർക്കാർ വിദ്യാലയത്തിലെ അർധവാർഷിക പരീക്ഷയിൽ "അങ്ങുവാന കോണിൽ' പാട്ടിനെക്കുറിച്ച് ചോദ്യവുമുണ്ടായിരുന്നു. അതും നല്ലൊരു അംഗീകാരമായിരുന്നു. എആര്‍എമ്മിലെ ഭൈരവൻ പാട്ട് യഥാര്‍ഥ പരമ്പരാഗത മൂല്യം ചോരാതെ മിക്‍സ് ചെയ്യുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമാണ് ആ പാട്ട് നിര്‍ദേശിച്ചത്. ഓരോ സീസണിലും ഉത്സവകാലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ റീലായി ആ പാട്ടുവരുന്നു. സന്തോഷം.

സാധാരണ മനുഷ്യരുമായി കണക്ടാകണം

എന്റെ പല പാട്ടുകളും സമൂഹമാധ്യമങ്ങളിൽ റീലായും മറ്റും ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുണ്ട്. വീണ്ടും കേള്‍ക്കാൻ തോന്നുന്നെന്ന അഭിപ്രായം പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. രസം, നാട്ടിൽ പലര്‍ക്കും ഇപ്പോഴും ഈ പാട്ടുകളൊക്കെ ചെയ്‍തത് ഞാനാണെന്ന് അറിയില്ലെന്നതാണ്.

സമൂഹമാധ്യമങ്ങളിൽ ഹിറ്റാകണമെന്ന നിലയ്‌ക്കല്ല പാട്ടുകൾ ഒരുക്കുന്നത്‌. സാധാരണ മനുഷ്യരുമായി എങ്ങനെ കണക്ട്‌ ആകാമെന്നാണ് എപ്പോഴും നോക്കുന്നത്. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടണം എന്നതാണ് ചിന്ത. നല്ല മെലഡീസിന് ലൈവ് ഇൻസ്‌‍ട്രുമെന്റ്സ് ഉപയോഗിക്കുമ്പോള്‍ പിന്നണിയിലുള്ള മനുഷ്യരുടെയെല്ലാം പ്രയത്നവും അതിൽ ചേരും. ഓടക്കുഴൽ, വയലിൻ, ചെണ്ട എല്ലാ ലൈവ് ഉപകരണങ്ങളും ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിഷ്‍ടമാണ്. ലൈവ് ഇൻസ്‍ട്രുമെന്റ് ഉപയോഗിച്ചുള്ള പാട്ടുകളാണ് കൂടുതൽ ഹിറ്റായത്.

സുഹൃത്തുക്കള്‍ കണ്ട കിനാവ്

സംഗീതജീവിതത്തിൽ നിര്‍ണായകം കോളേജ് കാലമാണ്. തിരുച്ചി ജെജെ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‍നോളജിയിൽ കംപ്യൂട്ടര്‍ സയൻസ് പഠിക്കുമ്പോഴാണ് തമിഴിലടക്കം സംഗീത സംവിധാനം ചെയ്യാൻ കൂടുതലായി തുടങ്ങിയത്. സംഗീതം പ്രൊഫഷനായി എടുക്കുന്നത് അവിടെനിന്നാണ്. കുഞ്ഞുനാള്‍തൊട്ട്‌ സംഗീതം എനിക്കൊപ്പമുണ്ട്. അതിൽ കൃത്യമായ വഴി തെളിഞ്ഞുവന്നത് അക്കാലത്താണ്. ഒപ്പം അവിടെ പഠിച്ച നിരവധിപേര്‍ സിനിമാ രംഗത്തുണ്ട്. ക്ലാസ്‍മേറ്റായിരുന്നു നടൻ ശിവകാര്‍ത്തികേയനും "കനാ' ഡയറക്‍ടര്‍ അരുൺരാജ കാമരാജും. സീനിയറാണ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണൻ. തമിഴ് ഗാനരചയിതാവ് മുത്തമിഴും കോളേജ് മുതലുള്ള സുഹൃത്താണ്.

ശിവകാര്‍ത്തികേയൻ നിര്‍മിച്ച ആദ്യ സിനിമയാണ് "കനാ'. ഒന്നിച്ച് ചെയ്യണമെന്ന് ഞങ്ങള്‍ പദ്ധതിയിട്ട പ്രോജക്‍ടായിരുന്നു അത്. സൗഹൃദംപോലെ ആ സിനിമയും വലിയ വിജയമായി. അതിലെ "ഒറ്റയടി പാതയിലെ പാട്ട് 'ഏറെ ഹിറ്റായി. ആറുവര്‍ഷത്തിനുശേഷം വീണ്ടും സമൂഹമാധ്യമങ്ങളിൽ റീൽസായിവരുന്നുണ്ട് ആ പാട്ട്. അച്ഛന്റെയും മകളുടെയും അടുപ്പത്തെ തുറന്നുകാട്ടുന്ന "വായാടി പെത്ത പുള്ളെ' പാടുമ്പോള്‍ ശിവകാര്‍ത്തികേയന്റെ മകള്‍ക്ക് മൂന്ന് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആശ്ചര്യമായിരുന്നു. നോക്കി പാടാൻ അറിയില്ല. മനഃപാഠമാക്കി വന്നിട്ട് ഭയങ്കര ഈസിയായി പാടി.

വിലമതിക്കാനാകാത്ത 
മരഗതനാണയം

എൻജിനിയറിങ് കഴിഞ്ഞ് സംഗീത സംവിധായകനായി അവസരങ്ങള്‍ തേടിയെങ്കിലും ലഭിച്ചില്ല. പിന്നീട് ജോലിയുമായി ദുബായിലും ന്യൂസിലൻഡിലും പോയി. ന്യൂസിലൻഡിൽനിന്ന് സൗണ്ട് എൻജിനിയറിങ് പഠിച്ചശേഷം ചെന്നൈയിൽ സന്തോഷ് നാരായണനൊപ്പം ചേര്‍ന്നു. ശേഷം സ്വതന്ത്ര സംവിധായകനായി. ആദ്യ പാട്ട് " മരഗതനാണയം' എന്ന ചിത്രത്തിലെ "നീ കവിതെയ്‌കളാൽ' ആണ്‌. ആ പാട്ട് ആറു വര്‍ഷമായി സ്‍പോട്ടിഫൈയിലെ ടോപ്പ് ട്വന്റി ചാര്‍ട്ടിലുണ്ട്.

മനോഹരം തമിഴ്‌

തമിഴിൽ സംഗീതം ചെയ്യുമ്പോള്‍ ഭാഷയുടെ പരിമിതിയുണ്ടായിട്ടില്ല. വളരെ മനോഹരമായ ഭാഷയായാണ് തമിഴിനെ ഞാൻ കാണുന്നത്. ക്രിയേറ്റീവും വളരെയധികം ഫ്ലക്‌‍സിബിളുമാണ്. മലയാളിയായതുകൊണ്ട് തമിഴ് സാഹിത്യപരമായ കാര്യങ്ങള്‍ ചിലപ്പോഴൊക്കെ മനസ്സിലായെന്ന് വരില്ല. എന്നാലും അത് ഗാനരചയിതാവുമായി സംസാരിച്ച് ചെയ്യും. തെറ്റ് പറ്റാതിരിക്കാനുള്ള ജാഗ്രതയുമുണ്ട്. സംഗീതം ചെയ്യുമ്പോള്‍ ചില വാക്കുകള്‍ മാജിക്കലായി കടന്നുവരും. അവ സൂചിപ്പിക്കാറുണ്ട്.

അമ്മ സംഗീതം

മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്. അന്ന് ബന്തായിരുന്നു. എനിക്ക് നടന്നുപോകാവുന്ന ദൂരത്തായിരുന്നു സ്‍കൂള്‍. കുറച്ചുകുട്ടികളെ എത്തിയുള്ളു. ക്ലാസൊന്നും എടുക്കുന്നില്ല. ഒരു ടീച്ചര്‍ വന്ന് കുട്ടികളോടായി പറഞ്ഞു, ഇഷ്‍ടമുള്ള പാട്ടോ മിമിക്രിയോ ഒക്കെ ചെയ്യാൻ. ഞാൻ വെറുതെ ഒരു പാട്ടുപാടി. ടീച്ചര്‍ക്ക് ഇഷ്‍ടപ്പെട്ടു. നന്നായി പാടുന്നുണ്ടല്ലോ എന്ന് ടീച്ചര്‍ വീട്ടുകാരോടും പറഞ്ഞു. പിന്നെ രണ്ടുമൂന്ന് ക്ലാസുകളിൽ എന്നെ പാടിപ്പിക്കുകയും ചെയ്‍തു. അതാണ് തുടക്കം. സ്‌‍കൂളിലെ പല പരിപാടികളിൽ ഉള്‍പ്പെടുത്തി.


വീട്ടുകാര്‍ ശാസ്‍ത്രീയ സംഗീതം പഠിപ്പിക്കാൻ ചേര്‍ത്തു. കുറച്ച് വെസ്റ്റേൺ പിയാനോ പഠിച്ചു. കോട്ടയം എംഡി സെമിനാരിയിൽ പതിനൊന്നാം ക്ലാസിലെത്തിയപ്പോഴാണ് സംഗീതം എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നിയത്. സ്‍കൂൾ ഫെസ്റ്റിന്, ഒരു ബാൻഡിന് അവതരിപ്പിക്കാൻ വേണ്ടി പ്രാര്‍ഥനാഗീതം സംവിധാനം ചെയ്‍തു. രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നാണ് ചെയ്‍തത്. രാവിലെ അമ്മ കാപ്പിയുമായി വന്നപ്പോള്‍ പാടിക്കൊടുത്തു. അമ്മ ശരിക്കും കരഞ്ഞു. എടാ നന്നായി വരും എന്നുപറഞ്ഞു. അമ്മയുടെ ഇമോഷൻ കണ്ടപ്പോ മനസ്സിലായി ഇത് സാധിക്കുമെന്ന്. ഞാൻ പോയി കഴി‍ഞ്ഞും മൂന്നുനാല് കൊല്ലം സ്‍കൂളിൽ അതായിരുന്നു പ്രാര്‍ഥനാഗീതമെന്നാണ് അറിഞ്ഞത്. അമ്മ ഗ്രേസ് തോമസ് നന്നായി പാടുമായിരുന്നു. കുടുംബത്തിൽ സംഗീതം പ്രൊഫഷനായി ആദ്യമായെടുക്കുന്നത് ഞാനാണ്. അച്ഛൻ തോമസ് മാത്യുവിന്റെ പിന്തുണയും ഉണ്ടായിരുന്നു. സ്‍കൂള്‍ കലോത്സവങ്ങളിലെ സമ്മാനങ്ങളുടെ സന്തോഷവും ഓര്‍മയിലുണ്ട്.

മലയാളത്തിൽ പുതിയ പ്രോജക്ടിനുള്ള കാത്തിരിപ്പിൽ

വിഷ്‍ണുവിശാലും മമിത ബൈജുവും ഒരുമിക്കുന്ന "ഇരുണ്ടവാനം' മരഗതനാണയത്തിന്റെ രണ്ടാം ഭാഗം, തുടങ്ങി തമിഴിൽ നാല് പുതിയ പ്രോജക്ടുകളുണ്ട്. മലയാളത്തിൽ പുതിയ പ്രോജക്ടിനായി കഥകള്‍ കേള്‍ക്കുന്നുണ്ട്. ഹരിശങ്കറുമായി അടുത്ത പ്രോജക്ടിൽ ചെയ്യണം. ഇപ്പോൾ കുടുംബസമേതം ചെന്നൈയിലാണ് താമസം. ഭാര്യ ചിഞ്ചു പൂർണ പിന്തുണയോടെ കൂടെയുണ്ട്. മക്കൾ ഇസബെല്ലയും നോറയെയും നിർബന്ധിച്ച് സംഗീതം പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ പാഷൻ തിരിച്ചറിയട്ടെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home