സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 1.47 കോടിയുടെ തട്ടിപ്പ്; 2 പേർ പിടിയിൽ

കൊട്ടാരക്കര
വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വിജയ കൃഷ്ണ ഫൈനാസിഴേയ്സില്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിലെ ക്ലർക്ക് പൊലിക്കോട് മിഥുൻ നിവാസിൽ മിഥുൻ (26), വയക്കൽ ഫാത്തിമ മൻസിൽ ജാസ്മി (40)എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ജാസ്മി ഒന്നാം പ്രതിയും മിഥുൻ മൂന്നാം പ്രതിയും ആണ്. രണ്ടാം പ്രതി സ്ഥാപന മാനേജരായിരുന്ന കെ രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ അയൽവാസിയാണ് ജാസ്മി. ഇവർ മൂന്നുപേരും ചേർന്ന് ഗൂഢാലോചന നടത്തി 1,46,79,000 രൂപയുടെ തട്ടിയെന്നാണ് കേസ്. 2025 ജനുവരി എട്ടുമുതലാണ് തട്ടിപ്പുകളുടെ തുടക്കം. സ്ഥാപനത്തിൽ ജാസ്‌മിയുടെ പേരിൽ പല തവണകളായി 86,16,500 രൂപ വിലവരുന്ന 974.2 ഗ്രാം സ്വർണാഭരണം പണയംവച്ചിരുന്നു. തുടർന്ന് പണം വാങ്ങാതെ മാനേജർ ജാസ്മിന് സ്വർണാഭരണങ്ങൾ തിരികെ കൊടുക്കുകയായിരുന്നു. കൂടാതെ മറ്റ് 30പേർ പണയംവച്ചിരുന്ന 60,62,500രൂപ വിലവരുന്ന 655. 400 ഗ്രാം സ്വർണാഭരണങ്ങളും ജാസ്‌മിന് മറിച്ച് കൊടുത്തു. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് മൂന്ന് പേരും ചേര്‍ന്നുള്ള വന്‍തട്ടിപ്പ് കണ്ടെത്തിയത്.സ്ഥാപനഉടമ നൽകിയ പരാതിയിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് ജാസ്‌മിയുടെയും മിഥുന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ 30ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വിവിധ സ്വകാര്യ --ഫിനാൻസ് സ്ഥാപനങ്ങളിൽ പണയംവച്ചതിന്റെ രസീതുകൾ കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊല്ലം റൂറൽ എസ്‌പി ഷാജി സുഗുണൻ, കൊട്ടാരക്കര ഡിവൈഎസ്‌പി എസ് ഷെരീഫ്, കൊട്ടാരക്കര സിഐ വി ഗംഗപ്രസാദ്, എസ്ഐ ഹേമന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.










0 comments