print edition പ്രകൃതിക്കായി താണ്ടിയത് 7000 കിലോമീറ്റർ

കേരളത്തിലെത്തിയ അയാൻ
തിരുവനന്തപുരം: പശ്ചിമബംഗാളിലെ സുന്ദർബനിൽനിന്ന് ഗുജറാത്തിലേക്ക് 7000 കിലോമീറ്റർ താണ്ടി കാൽനട യാത്ര. ഇരുപത്തിനാലുകാരനായ പരിസ്ഥിതി പ്രവർത്തകൻ അയാൻ ബാനർജിയാണ് വേറിട്ട ചിന്തയ്ക്കുപിന്നിൽ. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകർന്ന് കാൽനടയായി അയാൻ കേരളത്തിലുമെത്തി. വർക്കലയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രകൃതിയുടെ പാഠങ്ങൾ പകർന്നു.
പതിനെട്ടാം വയസ്സിൽ പീറ്റ ഇന്ത്യയുടെ ‘വളന്റിയർ ഓഫ് ദ ഇയർ' പുരസ്കാരം നേടിയിട്ടുള്ള അയാൻ കഴിഞ്ഞ മാർച്ച് മൂന്നിനാണ് ‘കരുണ പദയാത്ര' എന്ന പേരിൽ ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഒമ്പത് സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണപ്രദേശങ്ങളും ഉൾക്കൊള്ളുന്ന വി- ആകൃതിയിലുള്ള പാതയിലൂടെ വാഹനങ്ങളൊന്നും ഉപയോഗിക്കാതെയാണ് യാത്ര. ഇതിനകം പശ്ചിമബംഗാൾ, ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കടന്നാണ് കേരളത്തിലേക്കുള്ള പ്രവേശം.
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി അവബോധം, അനുകമ്പ നിറഞ്ഞ ജീവിതശൈലി, മൃഗങ്ങളുടെയും ജനങ്ങളുടെയും ക്ഷേമം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. യാത്രാവേളയിൽ സ്കൂളുകളിലും എൻജിഒകളിലുമെത്തി ക്ലാസുകളെടുക്കുന്നുണ്ട്. യാത്രയുടെ ആദ്യ 50 ദിവസം സഹായത്തിന് ആരുമില്ലാതെയാണ് പശ്ചിമബംഗാളിലും ഒഡിഷയിലും സഞ്ചരിച്ചത്. നിലവിൽ സമൂഹമാധ്യമങ്ങൾവഴിയും മറ്റും സഹായിക്കാൻ ചെറിയൊരു സംഘമുണ്ട്. പ്രദേശവാസികളുടെ വീടുകളിലാണ് താമസം. വ്യക്തികളിൽനിന്ന് പണം സ്വീകരിക്കാതെയാണ് യാത്ര.
"നടത്തം പതുക്കെയാണ്, വാഹനങ്ങളിൽ പോയാൽ കാണാതെ പോകുന്ന ഉൾനാടുകളിലേക്ക് എത്തിച്ചേരാനും ആളുകളുടെ വിശേഷങ്ങൾ ക്ഷമയോടെ കേൾക്കാനും ഇതിലൂടെ സാധിക്കും. ചുറ്റുമുള്ളവരെല്ലാം നമ്മൾ കരുതുന്നതിനേക്കാൾ ദയയുള്ളവരാണ്’– അയാൻ പറഞ്ഞു.










0 comments