തുരുന്പെടുത്ത് നശിച്ച് വാഹനങ്ങൾ
തുമ്പൂർമുഴി മഴയാത്ര പെരുവഴിയിൽ
തുമ്പൂർമുഴിയിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളിലൊന്ന്
കെ ജെ ലിജോ
Published on Aug 09, 2026, 12:56 AM | 1 min read
ചാലക്കുടി
വിനോദ സഞ്ചാരികൾക്ക് എറെ പ്രിയപ്പെട്ട തുമ്പൂർമുഴി മഴ യാത്ര ഇനിയും പുനരാരംഭിച്ചില്ല. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ അനാസ്ഥയാണ് മഴയാത്ര മുടങ്ങിയതിന്റെ കാരണമെന്നാണ് ആരോപണം. ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മഴയാത്ര സംഘടിപ്പിച്ചിരുന്നത്. 2014- ലാണ് മഴയാത്രയ്ക്ക് തുടക്കമായത്. വിദേശികളും മഴയാത്രയിൽ പങ്കെടുത്തിട്ടുണ്ട്. ജൂൺ-–ജൂലൈ മാസമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. ചാലക്കുടി റസ്റ്റ് ഹൗസിൽ നിന്ന് രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 7ന് തിരിച്ചെത്തുന്ന തരത്തിലായിരുന്നു ക്രമീകരണം. തുമ്പൂർമുഴിയിൽ പ്രഭാത ഭക്ഷണം, അവിടെ വച്ച് സഞ്ചാരികൾക്ക് കർക്കിടക കിറ്റും, മഴയാത്രയ്ക്കായി കുടയും നൽകും. അതിരപ്പിള്ളി കണ്ട ശേഷം പെരിങ്ങൽക്കുത്തിൽ ഉച്ച ഭക്ഷണവും ചെറിയ വിശ്രമവും. തുടർന്ന് നിത്യ ഹരിത വനമായ ഷോളയാറിൽ കാട്ടിനുള്ളിലൂടെ ഒരു മണിക്കൂർ മഴയാത്ര. പരിചയ സമ്പന്നരായ ഗൈഡുകളുമൊത്ത് കാനന ഭംഗി ആസ്വദിച്ചുള്ള മഴ യാത്ര നല്ലൊരു അനുഭവമായിരുന്നു. മടക്ക യാത്രയിൽ വാഴച്ചാലിൽ കരുപ്പട്ടി ചായ, കപ്പ, ചമ്മന്തി എന്നിവയും നൽകിയിരുന്നു. മൺസൂൺ യാത്രക്കായി മൂന്ന് ബസുകൾ സ്വന്തമായി വാങ്ങി. സഞ്ചാരികളുടെ എണ്ണം കുടുന്നതനുസരിച്ച് വാടകയ്ക്കും വാഹനങ്ങൾ എർപ്പാടാക്കിരുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഈ സീസണിൽ ലഭിച്ചിരുന്നത്. ബി ഡി ദേവസി എംഎൽഎ ആയിരുന്ന ഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്. 2014 ആദ്യ വാഹനം വാങ്ങി. ഇതിന്റെ ലാഭവിഹിതം ഉപയോഗിച്ച് പിന്നീട് രണ്ട് വാഹനങ്ങൾ കൂടി വാങ്ങി. ഇതോടെ തുമ്പൂർമുഴി അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറി. ചിത്രശലഭ പാർക്ക്, മനോഹരമായ പൂന്തോട്ടം, കാന്റീൻ, ശുചി മുറികൾ, ഇൻഫർമേഷൻ സെന്റർ എന്നിവയും സ്ഥാപിച്ചു. ഇവയെല്ലാം ഇപ്പോൾ ഇല്ലാതായി. മാലിന്യ സംസ്കരണ രംഗത്ത് ആദ്യമായി തുമ്പൂർമുഴി മോഡൽ നിലവിൽ വന്നു. കേരളമാകെ തുമ്പൂർമുഴി മോഡൽ പ്രചാരത്തിലായപ്പോൾ തുമ്പൂർമുഴിയിലേത് പരിപാലനമില്ലാതെ ഇല്ലാതായി. നിരവധിയാളുകൾക്ക് തൊഴിലും ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ലഭിച്ച വിനോദ സഞ്ചാര പദ്ധതി നിലവിലെ എംഎൽഎയുടെ പിടിപ്പുകേടുകൊണ്ട് ഇല്ലാതായി.










0 comments