പൊഴിമുറിക്കാതെ വരുത്തിവച്ച വെള്ളപ്പൊക്കം
തോട്ടപ്പള്ളിയിൽ യുവജന രോഷമിരമ്പി

തോട്ടപ്പള്ളി സ്‌പിൽവേയിലെ മാലിന്യങ്ങളും പാഴ്‌വസ്‌തുക്കളും നീക്കാതെയും പൊഴിമുറിക്കാതെയും ജില്ലയെ വെള്ളപ്പൊക്ക ദുരിതത്തിലാക്കിയ സർക്കാർ അനാസ്ഥയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റുന്നു
ആലപ്പുഴ
തോട്ടപ്പള്ളി സ്‌പിൽവേയിലെ മാലിന്യങ്ങളും പാഴ്‌വസ്‌തുക്കളും നീക്കാതെയും പൊഴിമുറിക്കാതെയും ജില്ലയെ വെള്ളപ്പൊക്ക ദുരിതത്തിലാക്കിയ യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ യുവജന പ്രതിഷേധമിരമ്പി. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി തോട്ടപ്പള്ളി സ്പിൽവേയുടെ വടക്കുനിന്ന് ആരംഭിച്ച മാർച്ച് തോട്ടപ്പള്ളി ജങ്‌ഷനിൽ പൊലീസ് തടഞ്ഞു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധം തുടർന്ന വനിതകൾ ഉൾപ്പടെ പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയംഗം സിന്ധുവിനെ പൊലീസ് കൈയേറ്റം ചെയ്തതിനെതിരെയും പ്രതിഷേധമുയർന്നു. തോളെല്ലിന് പരിക്കേറ്റ സംസ്ഥാന കമ്മിറ്റിയംഗം രമ്യാ രമണനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സുരേഷ്‌കുമാർ, സി ശ്യാംകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ, വൈസ് പ്രസിഡന്റുമാരായ എ എ അക്ഷയ്, അനസ് എ നസിം, ജില്ലാ ബ്ലോക്ക് ഭാരവാഹികളായ എസ് സുമേഷ്, സി എ അഖിൽ, കെ ജി അരുൺ കുമാർ, അമൽ വിജയൻ, അജയ് കൃഷ്ണൻ, അജു ആനന്ദ്, അനീഷ് കുര്യൻ, ഉണ്ണി കണ്ണൻ, വി ശ്രീകാന്ത്, അനുപ്രിയ, ഗീതു പ്രവീൺ, റോഷൻ രമണൻ എന്നിവർ ഉൾപ്പടെ അറസ്‌റ്റിലായി.










0 comments