കുണ്ടായിയിൽ പുലി പശുവിനെ കൊന്നു

കുണ്ടായിയിൽ പുലി പശുവിനെ കൊന്നു
പാലപ്പിള്ളി
കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റ് തൊഴിലാളിയും വരന്തരപ്പിള്ളി പഞ്ചായത്ത് മുൻ അംഗവുമായ ചീനാത്ത് വീട്ടിൽ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി കൊന്നത്. ചൊവ്വാഴ്‌ച രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിൽ കണ്ടത്. തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. നാലുദിവസം മുന്പ് ഇതേസ്ഥലത്ത് പുലി നായയെ കൊന്നിരുന്നു. നാലാംതവണയാണ് ഷീലയുടെ വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നത്. നേരത്തേ രണ്ടുതവണ പുലർച്ചെ വളർത്തുമൃഗങ്ങളുടെ ശബ്ദംകേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോൾ പുലി ഓടിപ്പോകുകയായിരുന്നുവെന്ന് ഷീല പറഞ്ഞു. നാല് ദിവസം കൂടുമ്പോഴാണ് ടാപ്പിങ്ങിന് തൊഴിലാളികൾ ഇറങ്ങുന്നത്. ഈ സമയത്ത് പലപ്പോഴും എസ്റ്റേറ്റിൽ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കാണാറുണ്ടെന്ന് ഇവർ പറയുന്നു. മാസങ്ങളായി പുലി ശല്യത്തിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. നാട്ടുകാരുടെ പരാതിയിൽ ചക്കിപ്പറമ്പ് ആദിവാസി ഉന്നതിയിൽ കൂട് സ്ഥാപിച്ചിരുന്നു. ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെയാണ് പുലി ഇറങ്ങിയത്. പാലപ്പിള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വരന്തരപ്പിള്ളി പഞ്ചായത്ത് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പശുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു.










0 comments