കാണാം "കാനനം'

തൃശൂർ ലളിതകലാ അക്കാദമിയിൽ നടക്കുന്ന ‘കാനനം’ വന്യജീവി ഫോട്ടോഗ്രഫി പ്രദർശനത്തിൽനിന്ന്
തൃശൂര്‍
കാടിന്റെ നിശബ്ദതയും വന്യതയും ജീവിതവും കോര്‍ത്തിണക്കിയ അപൂര്‍വ നിമിഷങ്ങളുടെ ശേഖരമാണ് ‘കാനനം’ വന്യജീവി ഫോട്ടോഗ്രഫി പ്രദർശനം. ഓരോ ചിത്രത്തിന് പിന്നിലും ഒരു കാടിന്റെ ഉള്ളറകളിലേക്കുള്ള യാത്രയുണ്ട്. മണിക്കൂറുകളുടെയും ദിവസങ്ങളുടെയും കാത്തിരിപ്പുണ്ട്. അതിനുമപ്പുറം, പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ കാണാനും പകർത്താനുമുള്ള സ്നേഹമുണ്ട്. ഇന്ത്യയിലെ വിവിധ വനമേഖലകളിൽനിന്നും കെനിയയിലെ മസായ് മാരാ പോലുള്ള വിദേശ വനങ്ങളിൽനിന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ പകർത്തിയ ഫോട്ടാകളാണ് പ്രദര്‍ശനത്തിനുള്ളത്. കടുവകളുടെയും പുള്ളിപ്പുലികളുടെയും ആനകളുടെയും അപൂർവ നിമിഷങ്ങൾക്കൊപ്പം, വിവിധയിനം പക്ഷികളുടെ മനോഹരമായ ചലനങ്ങളും വനജീവിതത്തിന്റെ സൂക്ഷ്മമായ കാഴ്ചകളും ഫോട്ടോകളില്‍ നിറയുന്നു. 30 വന്യജീവി ഫോട്ടോഗ്രാഫർമാർ പകർത്തിയ 120-ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കാടിനെ കാണുക, കാടിനെ അറിയുക, അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക എന്നതാണ് ‘കാനനം’ മുന്നോട്ടുവയ്ക്കുന്ന സന്ദേശം. കാടുകളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക്, പ്രത്യേകിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം. കാനനത്തിന്റെ മൂന്നാം എഡിഷനാണ് തൃശൂര്‍ ലളിതകലാ അക്കാദമയില്‍ നടക്കുന്നത്. 30 പ്രശസ്‌ത ഫോട്ടോഗ്രഫർമാരുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. 25ന് സമാപിക്കും.










0 comments