ഇന്ന് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം
നിശ്ശബ്‌ദലോകത്തിന് രഞ്ജിതയുടെ സ്‌നേഹഭാഷ

സാമൂഹ്യ നീതിവകുപ്പിന്റെ ‘സമഗ്ര’ പരിപാടിയിൽ മന്ത്രി ആർ ബിന്ദുവിന്റെ പ്രസംഗം സൈൻ ലാംഗ്വേജിലൂടെ പരിഭാഷ നടത്തുന്ന രഞ്ജിത (ഫയൽ ചിത്രം)
വെള്ളറട
രഞ്ജിതയുടെ വിരലുകളുടെ ഓരോ ചലനവും നിശ്ശബ്‌ദലോകത്തേക്കുള്ള സ്‌നേഹഭാഷയാണ്. ആംഗ്യഭാഷകൊണ്ട് ശബ്‌ദമില്ലാത്തവരുടെ ലോകത്തിന് ശബ്‌ദം പകരുകയാണ് സൈൻ ലാംഗ്വേജ് പരിഭാഷകയായ പാലിയോട് സ്വദേശിനി രഞ്ജിത. മേഖലയിലേക്ക് കടന്നുവന്നകാലത്ത് നിരവധി പേരുടെ ചോദ്യങ്ങളും കൗതുകത്തോടെയുള്ള സമീപനവും നേരിടേണ്ടിവന്നതായി രഞ്ജിത പറയുന്നു. കേൾവിപരിമിതർക്ക് സമൂഹവുമായി ആശയവിനിമയം നടത്താൻ ആംഗ്യഭാഷ പ്രധാന മാർഗമാണെന്ന തിരിച്ചറിവാണ് ഈ മേഖലയിൽ തുടരാൻ പ്രചോദനമായത്. പഠനത്തിലൂടെയും പരിശീലനത്തിലൂടെയും ആംഗ്യഭാഷയിൽ പ്രാവീണ്യം നേടി. ആംഗ്യഭാഷ ശാസ്ത്രീയമായി പഠിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായി. ഇന്ന് വിവിധ ചടങ്ങുകളിലും പഠന ക്ലാസുകളിലും പൊതുപരിപാടികളിലും സൈൻ ലാംഗ്വേജ് പരിഭാഷകയായി രഞ്‌ജിത സജീവമാണ്. കേൾവിയും സംസാരശേഷിയുമില്ലാത്തവരെ വാർത്തകളും വിവരങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നത് പുണ്യപ്രവൃത്തിയായാണ് രഞ്ജിത കരുതുന്നത്. ആംഗ്യഭാഷയെ ഒരു ഭാഷയായി സമൂഹം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ടെന്നും ആംഗ്യഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നത് കേൾവിപരിമിതരുടെ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കുമെന്നും രഞ്ജിത പറഞ്ഞു.










0 comments