ad
Deshabhimani

ജനമനസ്സുകളിൽ ജ്വാലയായ്‌ അഴീക്കോടൻ

..
വെബ് ഡെസ്ക്

Published on Sep 23, 2026, 12:08 AM | 1 min read

തൃശൂർ

ചെട്ടിയങ്ങാടിയിലെ തെരുവീഥികളിൽ ഒഴുകിയ ചുടുരക്ത നിനവ്‌ ഇന്നും മായുന്നില്ല. നാടിൻ വിമോചനത്തിനായുള്ള സഞ്ചാരപാതയിൽ അഴീക്കോടനെന്ന പോരാളിയെ കാപാലിക സംഘം കുത്തിവീഴ്‌ത്തിയ കൊടുംക്രൂരത ജനങ്ങൾ മറന്നിട്ടില്ല. 1972 സെപ്തംബർ 23ന്‌ രാത്രിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാർടി നേതൃത്വത്തിലുള്ള ഐക്യമുന്നണി കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയത്. സിപിഐ എമ്മിൽനിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർടിക്കെതിരെ കോൺഗ്രസിന്റെ സഹായത്തോടെ വെല്ലുവിളി ഉയർത്തുന്ന കാലം. അക്കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ കോടാലിക്കൈയായി മാറിയ ഇടതു തീവ്രവാദ ദുഷ്ട ശക്തികളാണ് അഴീക്കോടന്റെ ജീവൻ കവർന്നെടുത്തത്. കേരള കാർഷിക സർവകലാശാലയ്ക്ക്‌വേണ്ടി തട്ടിൽ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിൽ അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി കെ കരുണാകരനെതിരെ നവാബ് പത്രത്തിൽ വന്ന വാർത്ത വലിയ ചർച്ചയായി. അഴിമതി വ്യക്തമാക്കുംവിധം കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദൻ തൃശൂർ ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കറിന് അയച്ച കത്ത് ‘നവാബ്' പത്രത്തിൽ പ്രസിദ്ധീകരിച്ചു. പത്രം ഇറക്കിയ നവാബ് രാജേന്ദ്രനെ സംസ്ഥാന ക്രെെം ബ്രാഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്ത്‌ ഭീകരമായി മർദിച്ചു. വാർത്തക്കെതിരെ സി കെ ഗോവിന്ദൻ കോടതിയിൽ ഹർജി നൽകിയിരുന്നു. കരുണാകരന്റെ പങ്ക് തെളിയിക്കുന്ന കത്ത് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അഴിമതിയുടെ തെളിവ്‌ വെളിവാക്കുന്ന കത്ത്‌ അഴീക്കോടൻ രാഘവന്റെ പക്കലാണെന്നാണ് പൊലീസിനു കിട്ടിയ വിവരം. ഇ‍ൗ സമയത്താണ്‌ സെപ്‌തംബർ 23ന്‌ എറണാകുളത്തെ യോഗം കഴിഞ്ഞ്‌ അഴീക്കോടൻ കെഎസ്ആർടിസി ബസിൽ തൃശൂരിൽ വന്നിറങ്ങിയത്‌. താമസിക്കുന്ന പ്രീമിയർ ലോഡ്ജിലേക്ക് നടന്നുപോകുന്നവഴി ചെട്ടിയങ്ങാടിയിൽ സംഘം ചേർന്ന രാഷ്ട്രീയ ശത്രുക്കൾ അദ്ദേഹത്തെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ് വീണ അഴീക്കോടനെ ഉടനെ ആശുപത്രിയിൽ എത്തിക്കാനല്ല, വീണുകിടന്ന അദ്ദേഹത്തിന്റെ ബാഗ് വലിച്ചു കീറി പരിശോധിക്കാനായിരുന്നു പൊലീസിന്റെ ധൃതി. അഴീക്കോടന്റെ കൈയിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന ‘തട്ടിൽ അഴിമതിയുടെ രേഖ' തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിന്റെ മുഖ്യ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home