മേയർക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ

തൃശൂർ
കോർപറേഷൻ മേയർ നിജി ജസ്റ്റിന്റെ പ്രവർത്തന രീതിക്കെതിരെ എതിർപ്പുമായി കോൺഗ്രസ് കൗൺസിലർമാർ. മേയർ എല്ലാ കാര്യങ്ങളും സ്വന്തം നിലയിൽ മാത്രംചെയ്യുന്നുവെന്നാണ് പ്രധാന പരാതി. ഭരണപരിചയമില്ലാത്ത മേയർ എടുക്കുന്ന പല തീരുമാനങ്ങളും കോൺഗ്രസിന് തിരിച്ചടിയാകുന്നുവെന്നും വിമർശനമുണ്ട്. തിങ്കളാഴ്‌ച നടന്ന കൗൺസിൽ യോഗത്തിൽ ഖരമാലിന്യ സംസ്‌കരണ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ മേയർ റിലീഫ് ഫണ്ട് അനുവദിക്കുവെന്ന് പ്രഖ്യാപിച്ചു. എൽഡിഎഫ് കൗൺസിലർമാർ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് മേയർക്ക് തീരുമാനം പിൻവലിക്കേണ്ടി വന്നു. എന്നാൽ ഇങ്ങനെയൊരു തീരുമാനം പാർലമെന്ററി പാർടിയെ അറിയിക്കാതെയാണ് മേയർ എടുത്തത്. ഇതിനെതിരെ ചില കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനിടയിൽത്തന്നെ എതിർപ്പുയർത്തി. അതേസമയം, കൗൺസിലിലേക്കുള്ള അജൻഡയിൽ മേയർ തനിക്ക് താൽപ്പര്യമുള്ള അജൻഡകൾ ഉൾപ്പെടുത്തുന്നുവെന്നും പരാതിയുണ്ട്. കോൺഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ ആഢംബര വസതി വാടകയ്‌ക്ക് എടുക്കാനുള്ള തീരുമാനം അത്തരത്തിലൊന്നായിരുന്നു. നഗരത്തിൽ വീടുണ്ടായിട്ടും ലക്ഷങ്ങൾ ചെലവിട്ട് വാടകയ്‌ക്ക് ഒൗദ്യോഗിക വസതി എടുക്കാനുള്ള തീരുമാനം അജൻഡ കണ്ടപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ പോലും അറിഞ്ഞത്. കൗൺസിൽ യോഗത്തിന് മുന്പ് ചേർന്ന യോഗത്തിൽ ഇൗ അജൻഡ പിൻവലിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ മേയർ ഇതിനു തയാറായില്ല. എൽഡിഎഫ് പ്രതിഷേധത്തിനെ തുടർന്നാണ് അവസാനം തീരുമാനം പിൻവലിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലാത്ത നിജി ജസ്റ്റിൻ നേതൃത്വത്തിന്റെ പിന്തുണയിലാണ് മേയറായത്. അതിനാൽ തന്നെ ഭരണത്തിലേറിയത് മുതൽ തമ്മിലടി രൂക്ഷമാണ്. ഒരുഘട്ടത്തിൽ മേയർ – ഡെപ്യൂട്ടി മേയർ പോര് തെരുവിലെത്തി. മേയറുടെ ഡ്രൈവറായി കോൺഗ്രസ് നിയമിച്ചയാളെ മേയർ പുറത്താക്കിയിരുന്നു. നിലവിൽ മൂന്നാമത്തെ ആളാണ് മേയറുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത്.









0 comments