ഒപി ടിക്കറ്റിനായി വൈകിപ്പിച്ചു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

സാംബശിവൻ
പാലക്കാട്
ശ്വാസതടസ്സത്തെ തുടർന്ന് അത്യാസന്ന നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. പാലക്കാട് കണ്ണാടി ഞായറാഴ്‌ചക്കാവ് വീട്ടിൽ സാംബശിവൻ (42) ആണ് മരിച്ചത്. ബുധന്‍ രാവിലെ 7.30ന് കണ്ണാടി പഞ്ചായത്തിന്റെ ആംബുലൻസിൽ സാംബശിവനെ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ സ്ട്രെച്ചറോ വീൽചെയറോ നൽകിയില്ല. ആംബുലൻസിൽനിന്ന് ഇറക്കാൻ 10 മിനിറ്റ് വൈകി. കൂടെയുണ്ടായിരുന്നവർ ബഹളംവച്ചതോടെ സ്ട്രെച്ചറിലേക്ക് മാറ്റിയെങ്കിലും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ ഒപി ടിക്കറ്റ് എടുത്തുവരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ കാലതാമസം മരണത്തിനിടയാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി. രോഗിക്കൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ഉണ്ടായിട്ടും ജീവനക്കാർ മനുഷ്യത്വം കാണിച്ചില്ലെന്നും ആരോപണമുണ്ട്. സിസിടിവി ദൃശ്യം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ശിവകൃഷ്‌ണൻ, സതീദേവി, ശ്യാമള.








0 comments