print edition സ്ത്രീശബ്ദം ചെറുകഥാ പുരസ്‌കാര വിതരണം; സാമൂഹിക പ്രശ്‌നങ്ങൾ കഥകളിലൂടെ അടയാളപ്പെടുത്തണം: പി കെ ശ്രീമതി

തിരുവനന്തപുരം : ജാതീയത, ലിംഗനീതി, തൊഴിലിടങ്ങളിലെ ചൂഷണം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളിൽ കൂടുതൽ കഥകൾ രചിക്കപ്പെടണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി. അത്തരം കഥകളിൽ സ്‌ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായി വരണം. ശക്‌തമായ ഭാഷയിലൂടെ സമൂഹത്തിലെ അസമത്വങ്ങളെ തുറന്നുകാണിക്കാനാകണം.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മുഖമാസിക സ്ത്രീശബ്ദം ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു ശ്രീമതി. ‘വസൂരിക്കല’ ചെറുകഥയിലൂടെ ഒന്നാംസ്ഥാനത്തെത്തിയ എറണാകുളം സ്വദേശി ജിസ്‌മ ഫൈസിന് 10,000 രൂപയും മെമന്റോയും സമ്മാനിച്ചു.
എറണാകുളം സ്വദേശി ബിനിത സെയ്‌ന്റെ ഉപ്പങ്കുന്ന്, മലപ്പുറം സ്വദേശി എ ശഹനയുടെ ഇങ്ങിലിവാലിക്ക ലിങ്ങലിവാലാ എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനം. ഇവർക്ക് 7000, 5000 രൂപയും മെമന്റോയും സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ശൈലജ, ജോയിന്റ് സെക്രട്ടറി എൻ സുകന്യ, എ ജി ഒലീന എന്നിവർ സംസാരിച്ചു.







0 comments