print edition ദ്രോഹ നടപടികൾ അവസാനിപ്പിക്കണം; പ്രവാസികളുടെ കലക്ടറേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ കേരള പ്രവാസിസംഘത്തിന്റെ കലക്ടറേറ്റ് മാർച്ച് വ്യാഴാഴ്‌ച നടക്കും. പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. 12 ജില്ലകളിലെ കലക്ടറേറ്റുകളിലേക്കും കാസർകോട് കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലേക്കുമായിരിക്കും മാർച്ച്.
പ്രവാസി പെൻഷൻ, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ഉയർന്ന പ്രീമിയം, ലോക കേരളസഭയുടെ പ്രവർത്തനം അവസാനിപ്പിച്ചത്, സാന്ത്വന പദ്ധതി, സബ്സിഡി വായ്പകൾ തുടങ്ങിയ ക്ഷേമ സംവിധാനങ്ങളിലെ പ്രതിസന്ധികൾ തുടങ്ങിയവയാണ് പ്രവാസി സംഘം ചൂണ്ടിക്കാട്ടുന്നത്.
സമരത്തിന്റെ രണ്ടാംഘട്ടത്തിൽ 27നും 28 നും സെക്രട്ടറിയറ്റിനുമുന്നിൽ 48 മണിക്കൂർ സത്യഗ്രഹം സംഘടിപ്പിക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. സമാപന യോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രവാസികളെയും കുടുംബങ്ങളെയും സാരമായി ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിച്ചുള്ള സമരം വിജയിപ്പിക്കാൻ പ്രവാസി സംഘം പ്രസിഡന്റ് ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും അഭ്യർഥിച്ചു.








0 comments