print edition സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായി: പി രാജീവ്

പി രാജീവ്
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം പ്രകടമായിത്തന്നെ നഷ്ടമായെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് തൊട്ടടുത്ത ദിവസം മന്ത്രി തള്ളിപ്പറയുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.
മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടമായി. മുഖ്യമന്ത്രി കാണേണ്ടതുപോലുമില്ലാത്ത ഫയലുകൾ അവിടെനിന്ന് ഉദ്‌ഭവിക്കുന്നു. ആറു മാസത്തിനുള്ളിൽത്തന്നെ എതിരഭിപ്രായങ്ങളെയും വിമർശങ്ങളെയും പൂർണമായും ഇല്ലാതാക്കുന്നു.
ദിവസം ശരാശരി 104 പോസ്റ്റുകളിലധികമാണ് നീക്കുന്നത്. മോദിയുടെ വഴിയിലാണ് ഇൗ സർക്കാരിന്റെയും സഞ്ചാരം. കെഎസ്‌ഇബിയും റെഗുലേറ്ററി കമീഷനും തീരുമാനിച്ചാണ് വൈദ്യതി വാങ്ങിയിരുന്നത്. വകുപ്പു മന്ത്രിപോലും ഫയൽ കാണേണ്ടിയിരുന്നില്ല.
ഇപ്പോൾ മന്ത്രിപോലും അറിയാതെ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നു. അതീവ ഗൗരവതരമായ അഴിമതിയുടെ വിഷയമാണിത്. അതുകൊണ്ടാണ് പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. ആർഎസ്‌എസിന്റെ പദ്ധതി മയിൽപ്പീലിയിലൂടെ നേരിട്ട് വിദ്യാർഥികളിലേക്ക് എത്തുകയാണ്. മയിൽപ്പീലി നടപ്പായാൽ പിന്നെ പിഎം ശ്രീയുടെ ആവശ്യമില്ല.
ഉന്നത നേതാക്കളുടെ പ്രിയപ്പെട്ടവനായ ഡിസിസി അംഗം നേരിട്ട് പത്തു ലക്ഷം രൂപ വാങ്ങിയ സംഭവം യുഡിഎഫ് ഭരണം എവിടെ എത്തിയെന്ന് തെളിയിക്കുന്നു. അച്ചടി മാധ്യമങ്ങൾ വാർത്ത മുക്കി. മാധ്യമങ്ങൾ പ്രതിപക്ഷ ധർമമാണ് നിർവഹിക്കുന്നതെന്ന് പറഞ്ഞിരുന്നവർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.








0 comments