ടാർ കണ്ടിട്ട് രണ്ടുപതിറ്റാണ്ട്; തോട്ടുവ കടവ് റോഡ് ആരുനന്നാക്കും

അറ്റകുറ്റപ്പണിയും ടാറിങ്ങും ഇല്ലാതെ തകർന്ന തോട്ടുവ കടവ് റോഡ്
പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ കടവ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ജനരോഷം ശക്തമാകുന്നു. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന തോട്ടുവ ധന്വന്തരി ക്ഷേത്രവും ചേരാനെല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയും ഈ റോഡരികിലാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും കുഴികളായി മാറിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലധികമായി ടാറിങ് നടത്തിയിട്ട്. മഴവെള്ളം ഒഴുകിപ്പോകാൻ ഇരുവശവും കാന നിർമിക്കാത്തതും തകർച്ചയ്‌ക്ക് കാരണമാണ്.
ചേരാനെല്ലൂര്‍, മങ്കുഴി, ഇടവൂര്‍, തോട്ടുവ ഭാഗങ്ങളിൽനിന്ന് ടൗണിലേക്കും കൂടാതെ കൂവപ്പടി ജിവിഎച്ച്എസ് സ്‌കൂള്‍, ചേരാനെല്ലൂര്‍ ഹൈസ്‌കൂള്‍, കൂവപ്പടി പോളിടെക്‌നിക്, കോടനാട് മാര്‍ ഔഗേന്‍ സ്‌കൂള്‍, മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂടാതെ വിവിധ ആശുപത്രികളിലേക്കും ജോലി സ്ഥലങ്ങളിലേക്കും യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണിത്. നിരവധി പരാതികള്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നൽകിയിട്ടും ഇതുവരെ അറ്റകുറ്റപ്പണിപോലും നടത്താൻ തയ്യാറായിട്ടില്ല. റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന് സിപിഐ എം കോടനാട് ലോക്കൽ സെക്രട്ടറി പി ശിവൻ ആവശ്യപ്പെട്ടു.







0 comments