ഹർത്താൽ ഇന്ന്
മലയോരം നിശ്ചലമാകും

സ്വന്തം ലേഖകൻ
എടക്കര
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്‌ച മലയോര ഹർത്താൽ. മലയോര സംരക്ഷണ സമിതി നേതൃത്വത്തിൽ രാവിലെ ആറിന് ആരംഭിക്കുന്ന ഹർത്താൽ വൈകിട്ട് അഞ്ചുവരെ തുടരും. എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലമാണ് ഹർത്താൽ നടക്കുന്നത്. ജില്ലയിലെ 11 വില്ലേജുകളിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇഎസ്എ അശാസ്ത്രീയമായി നടപ്പാക്കുന്നത്. വന നിയന്ത്രണം വില്ലേജ് പരിധിയിലാകെ വ്യാപിപ്പിക്കുന്നതിനെതിരെയാണ് പ്രക്ഷോഭം. ആറാം കരടിലും ഏഴാം കരടിലും കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണമാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത്. കരട് വിജ്ഞാപനം അന്തിമമാകുന്നതോടെ മലയോര ജനത കുടിയിറക്കപ്പെടും. വ്യവസായവും കാർഷിക മേഖലയും തകരും. വീട് നിർമാണങ്ങൾക്ക് നിയന്ത്രണം വരും. മലയോര മേഖലയിൽ വികസന പ്രവർത്തനങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണ കുരുക്കിലകപ്പെട്ട് പൂർണമായും സ്‌തംഭിക്കും. ജീവിതം വഴിമുട്ടുന്ന ഘട്ടത്തിലാണ് മലയോര ജനത ഒന്നടങ്കം തെരുവിലിറങ്ങുന്നത്. ഹർത്താലിന്റെ പ്രാധാന്യം വിവരിച്ച് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ ഉൾപ്പെടെ എല്ലായിടത്തും മലയോര സംരക്ഷണ സമിതി പ്രവർത്തകർ നോട്ടീസ് നൽകി. ഇഎസ്എ പരിധിയിൽ വരുന്നതും ആശങ്ക നേരിടുന്നതുമായ എല്ലാ വില്ലേജിലും പ്രചാരണ ജാഥ സംഘടിപ്പിച്ചു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടത്തിൽ ഒപ്പംചേർന്ന് നാനാ തുറകളിൽനിന്നുള്ള ജനവിഭാഗങ്ങളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ജാഥയ്ക്ക് പിന്തുണ നൽകി. പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിലും അങ്ങാടികളിലും വിളംബര പ്രകടനങ്ങൾ നടന്നു.








0 comments