ശ്വാസം നിലയ്‌ക്കുന്നു ചരിത്രം മിടിക്കുന്പോൾ

സ്വന്തം ലേഖിക
മലപ്പുറം
നൂറാണ്ട് പിന്നിട്ട വാഗൺ കൂട്ടക്കൊലയുടെ ഓർമയിൽ ഇന്നും ശ്വാസംമുട്ടുകയാണ് കുരുവമ്പലത്തിന്. ബ്രിട്ടീഷ് ക്രൂരതയിൽ പുലാമന്തോൾ പഞ്ചായത്തിലെ 41 ജീവനുകളാണ് പൊലിഞ്ഞത്. അതിൽ 35 പേരും കുരുവമ്പലത്തുകാരാണ്. ആ ഗ്രാമഭൂമികയിൽ സ്‌മരണയുടെ സ്‌പന്ദനമുണ്ട് ഇപ്പോഴും. മലബാർ സമരത്തിന്റെ തീക്ഷ്‌ണതയിൽ പ്രദേശിക ചെറുത്തുനിൽപ്പ് ശക്തമായിരുന്നു. കൊളത്തൂർ, കുരുവമ്പലം, പുലാമന്തോൾ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലും കാർഷികച്ചന്തകളിലുമുള്ള ബ്രിട്ടീഷ് കൈയേറ്റം വലിയ പ്രതിഷേധത്തിനിടയാക്കി. പണ്ഡിതനും സൂഫിയുമായ വളപുരം കല്ലേത്തൊടി കുഞ്ഞുണ്ണീൻ മുസ്ല്യാരെ ബ്രിട്ടീഷ് സൈന്യം അറസ്റ്റുചെയ്‌ത് പെരിന്തൽമണ്ണ സബ് ജയിലിലടച്ചു. പ്രതിഷേധവുമായി പെരിന്തൽമണ്ണയിൽ തടിച്ചുകൂടിയവരെ ബ്രിട്ടീഷ് സൈന്യം അറസ്റ്റുചെയ്ത് തിരൂരിൽകൊണ്ടുപോയി. കുരുവമ്പലം, പുലാമന്തോൾ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ പൊന്നാനിയിൽ മതപഠനത്തിന് പോകാറുണ്ടായിരുന്നു. അങ്ങനെ ഉപരിപഠനത്തിനുപോയ വിദ്യാർഥികളെയും കർഷകരെയും ലഹളക്കാരെന്ന് മുദ്രകുത്തി ബ്രിട്ടീഷ് സൈന്യം പിടിച്ചുകൊണ്ടുപോയി. പുലാമന്തോൾ പാലം തകർത്തു, പാണ്ടിക്കാട് ചന്ത കൈയേറി എന്നീ കുറ്റങ്ങളും അവർക്കുമേൽ ആരോപിച്ചു. പുറത്തിറങ്ങിയാൽ അറസ്റ്റിലാകുമെന്ന ഭീതിയിൽ വീട്ടുകാരും നിസ്സഹായരായി. വാഗണിൽ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചവരിൽ അധികവും യുവാക്കളും അവിവാഹിതരായിരുന്നു. പിൻമുറക്കാരില്ലാതെ അവർ ചരിത്രത്തിലേക്ക് ചുരുങ്ങി. കഥയല്ല, നാടിന്റെ നേരാണ് ‘ഇത് കഥയല്ല, ഞങ്ങടെ നാടിന്റെ നോവാണ്. വല്യുമ്മ പറഞ്ഞുതന്ന നേര്’– കുട്ടിക്കാലത്ത് വല്യുമ്മ കുഞ്ഞീമയിൽനിന്ന് കേട്ട വിവരങ്ങൾ ഓർത്തെടുത്ത് കുരുവമ്പലം കോഴിപ്പറമ്പത്ത് കുഞ്ഞിമരക്കാർ (86) പറഞ്ഞുതുടങ്ങി. ‘പെരിന്തൽമണ്ണയിൽ ഹാജരാകണമെന്ന് അറീപ്പു കിട്ടി. എന്തിനാണ്, ഏതിനാണ് ഒന്നും അറീല്ല. കോൽക്കാരൻ പറഞ്ഞതാണ് എന്നാ കേട്ടത്. അങ്ങനെ ഉപ്പൂപ്പയും സഹോദരനുംകൂടി വീട്ടിൽനിന്ന് പോയി. പിന്നെ അറിഞ്ഞത് ചരക്കുവണ്ടീൽ കുത്തിനെറച്ച് കൊണ്ടോയിന്നും ശ്വാസംമുട്ടി മരിച്ചൂന്നൊക്കെയാണ്’’ – കുഞ്ഞിമരക്കാർ പറഞ്ഞു.- വാഗൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുരുവമ്പലം കോഴിപ്പറമ്പത്ത് കുഞ്ഞിമരക്കാരിന്റെ ചെറുമകനാണ് കുഞ്ഞിമരക്കാർ. ഉപ്പൂപ്പയുടെ ഓർമക്ക് ആദ്യ ചെറുമകനും ആ പേരുതന്നെയാണ് നൽകിയത്. കുട്ടിക്കാലത്ത് വല്യുമ്മ കുഞ്ഞീമയാണ് ഉപ്പൂപ്പയേയും സഹോദരൻ ഹൈദർമാനെ (കോരിപ്പറമ്പത്ത് ഐദർമാൻ)യും വാഗൺ ദുരന്തത്തെക്കുറിച്ചും ചെറുമകന് പറഞ്ഞുകൊടുത്തത്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട വാഴയിൽ കുഞ്ഞയമ്മുവിൽനിന്ന് ഉപ്പൂപ്പയെക്കുറിച്ചുള്ള വിവരങ്ങൾ കുഞ്ഞിമരക്കാർ അറിഞ്ഞിട്ടുണ്ട്. എന്നാൽ, രക്തസാക്ഷികളുടെ പട്ടികയിൽ കുഞ്ഞിമരക്കാരുടെ പേരില്ല. സഹോദരൻ ഹൈദർമാന്റെ പേരെയുള്ളൂ.








0 comments