എൽഡിഎഫ് പോയി, പൂക്കാലവും
പൂത്തറയ്ക്കൽ പാതയോരം കാടുകയറി

ചേർപ്പ്
ചെണ്ടുമല്ലിയും വാടാമല്ലിയും നിറഞ്ഞ പാതയോരം. പൂക്കളോട് ചേർന്നുനിന്ന് ചിത്രം പകർത്തുന്ന യാത്രക്കാർ. പൂക്കൾക്കിടയിൽ സ്ഥാപിച്ച ലൗ സ്പോട്ടിലിരുന്ന് സെൽഫിയെടുക്കുന്നവർ. പാറളം പഞ്ചായത്തിലെ എൽഡിഎഫ് ഭരണകാലത്ത് പൂത്തറയ്ക്കൽ പാതയോരത്തെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. വിജനമായ പാതയോരത്തെ കുറ്റിക്കാടുകളിൽ മാലിന്യംവലിച്ചെറിയുകയും ദുർഗന്ധം കാരണം ഇതുവഴി യാത്ര ദുഷ്കരമാവുകയും ചെയ്തപ്പോഴാണ് പഞ്ചായത്ത് അംഗമായിരുന്ന ജെയിംസ് പി പോളിന്റെ നേതൃത്വത്തിൽ ഇൗ പദ്ധതി നടപ്പാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പാതയോരത്ത് ഇരുഭാഗങ്ങളിലും 200 മീറ്ററോളം നീളത്തിൽ ആയിരക്കണക്കിന് പൂച്ചെടികൾ വെച്ചുപിടിപ്പിച്ചത്.ചെടികളുടെ തുടർ പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികളാണ് ചെയ്തത്. ഓണക്കാലത്ത് ഇവിടെനിന്ന് യഥേഷ്ടം പൂക്കൾ വിൽക്കുകയുംചെയ്‌തു. പൂന്തോട്ടം ഒരുക്കിയതോടെ പ്രദേശം മാലിന്യമുക്തമാവുകയുംചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിതോടെ ഈ പദ്ധതി നിലച്ചു. ഇൗ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് പ്രതിനിധിയും ഇക്കാര്യത്തിൽ ഒട്ടും താൽപ്പര്യം കാണിച്ചില്ല. ഇതോടെ പാതയോരം പഴയനിലയിലേക്ക് മാറി. കാടുകയറിയ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് പതിവായെന്ന് മാത്രമല്ല, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്നുള്ള പാഴ്‌വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന ഇടമായും ഇവിടം മാറി.










0 comments