print edition ചർച്ചകൾ പ്രസിഡന്റും അടുപ്പക്കാരുമായി മാത്രം; ഫണ്ട് വെട്ടിപ്പ് ഒതുക്കാൻ നീക്കം


വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 23, 2026, 01:16 AM | 1 min read
തിരുവനന്തപുരം : ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് വെട്ടിപ്പ് വിവാദം ഒതുക്കിത്തീർക്കാൻ നീക്കം. വിദേശത്തായിരുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയാലുടൻ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ, പരാതികൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് എന്ന് എതിർവിഭാഗം പറയുന്നു.
വിവാദത്തെക്കുറിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. കോർ കമ്മിറ്റി വിളിക്കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല. വി മുരളീധരൻ, കെ സുരേന്ദ്രൻ തുടങ്ങിയ മുൻ പ്രസിഡന്റുമാരെ അവഗണിക്കുകയാണ്. ആരോപണവിധേയരായ ജനറൽ സെക്രട്ടറി എസ് സുരേഷ്, മറ്റൊരു ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വൈസ്‌പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരെ മാത്രമാണ് മുഖവിലയ്‌ക്കെടുക്കുന്നത്. കോർ കമ്മിറ്റി വിളിച്ചാൽ ആരോപണവിധേയരെ മാറ്റാനും പുനഃസംഘടന നടത്താനും ആവശ്യമുയരുമെന്ന് ഭയമുണ്ട്.
രാജീവ് ചന്ദ്രശേഖറും എസ് സുരേഷുംചേർന്ന് ബിജെപിയെ ഹൈജാക്ക് ചെയ്തെന്നാണ് ആക്ഷേപം. ബുധനാഴ്‌ച എസ് സുരേഷ്, അനൂപ് ആന്റണി, വൈസ്‌പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരും രാജീവ് ചന്ദ്രശേഖറും മാത്രം യോഗം ചേർന്നു. രാജീവ് വിദേശത്തുനിന്ന് തിരിച്ചെത്തിയതിനുപിന്നാലെ, തീവ്രവർഗീയവാദി പ്രതീഷ് വിശ്വനാഥും തലസ്ഥാനത്തെത്തി. രണ്ടുദിവസമായി ഇയാളും സംസ്ഥാന ഓഫീസിലെ രഹസ്യചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്നും മധ്യസ്ഥതയ്‌ക്കാണിതെന്നുമാണ് സംസാരം.
തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ലക്ഷ്യംവയ്‌ക്കുന്നത് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവിനെയാണെന്നും സൂചനയുണ്ട്. രാജീവ് ചന്ദ്രശേഖർ ടീമിന്റെ വിശ്വസ്‌തനായാണ് ഇൗ നേതാവിനെ ബിജെപിക്കാർ കരുതുന്നത്.
മധ്യസ്ഥൻ പ്രതീഷ് വിശ്വനാഥോ?
ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് കുംഭകോണം ഒതുക്കാൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തീവ്രവർഗീയവാദി പ്രതീഷ് വിശ്വനാഥനെ കൂട്ടുപിടിക്കുന്നെന്ന് ആക്ഷേപം. രണ്ടുദിവസമായി ബിജെപി സംസ്ഥാന ഓഫീസിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഇയാൾ രാജീവ് ചന്ദ്രശേഖറിന്റെ ഉറ്റ സുഹൃത്താണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖരറിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ചത് ഇയാളാണ്. കൊച്ചിയിൽ ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിൽ സ്‌ഫോടനമുണ്ടായപ്പോൾ രാജീവ് ചന്ദ്രശേഖറും പ്രതീഷ് വിശ്വനാഥും വർഗീയപരാമർശം നടത്തിയിരുന്നു. അന്നത്തെ സർക്കാർ രണ്ടുപേർക്കുമെതിരേ കേസെടുത്തു. പ്രതീഷ് വിശ്വനാഥിന്റെ ബന്ധുവിനും ഫണ്ട്‌വെട്ടിപ്പിന്റ ഗുണം ലഭിച്ചുവെന്ന് ബിജെപിക്കുള്ളിൽതന്നെ പ്രചാരണം ഉണ്ട്. ആർഎസ്‌എസിൽനിന്ന് പുറത്താക്കിയ പ്രതീഷിനെ കൂട്ടുപിടിച്ച് രാജീവ് ചന്ദ്രശേഖർ നടത്തുന്ന ഇടപാടുകളെക്കുറിച്ച് ഇവർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.










0 comments