ad
Deshabhimani

കാർഷിക മേഖലയിലെ പ്രശ്നങ്ങളോട് 
സർക്കാർ മുഖംതിരിക്കുന്നു: കെ എൻ ബാലഗോപാൽ

കർഷകസംഘം ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം  സെൻട്രൽ കിസാൻ ക‍ൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 07, 2026, 12:30 AM | 1 min read

ചേലക്കര

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരുതരത്തിലുള്ള ഇടപെടലും സംസ്ഥാന സർക്കാർ നടത്തുന്നില്ലെന്ന് സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. കർഷക സംഘം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ചേലക്കര ബസ്‌ സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളുടെ പതിപ്പാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും നടപ്പാക്കുന്നത്‌. കാർഷിക മേഖലയ്ക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള ഫണ്ടുകളും വെട്ടിക്കുറച്ചു. കേരള ചരിത്രത്തിൽ കേന്ദ്ര ഫണ്ട് ഏറ്റവുമധികം വെട്ടിക്കുറച്ച കാലമായിട്ടും കഴിഞ്ഞ അഞ്ചുവർഷം സാമ്പത്തിക അച്ചടക്കത്തിലൂടെയും ശാസ്ത്രീയമായ നികുതി പിരിവിലൂടെയും പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് സർക്കാരിനായി. എന്നാൽ എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് പോരാടി നേടിയ 10,000 കോടി രൂപ ലഭിച്ചിട്ടും പറഞ്ഞ വാക്കുകൾ പാലിക്കാനോ പദ്ധതികൾ നടപ്പാക്കാനോ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ല. സർവ മേഖലയിലും ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ഡിഎ നൽകിയില്ല എന്ന് മാത്രമല്ല, അവരെ വൈരനിര്യാതന ബുദ്ധിയോടെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റുകയാണ്. എംഎൽഎമാർ പണത്തോട് ആർത്തികാണിക്കുന്നു. പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചിറയിൻകീഴിൽ എംഎൽഎയും കോൺഗ്രസുകാരും തമ്മിലുള്ള തല്ലിൽ എത്തിച്ചു. പട്ടയം അനുവദിക്കാൻ ചാലക്കുടി എംഎൽഎ പണം വാങ്ങിയെന്ന് ആരോപിച്ചത് കോൺഗ്രസുകാർ തന്നെയാണ്. വണ്ടിച്ചെക്ക് കൊടുത്ത കേസിൽ പാലാ എംഎൽഎയ്ക്ക്‌ തടവുശിക്ഷ വിധിച്ചിരിക്കുന്നു. സർവകലാശാല ഭരണസമിതിയിൽ ആർഎസ്എസുകാരെ കുത്തിനിറയ്ക്കുമ്പോൾ യുഡിഎഫ് സർക്കാർ കാഴ്ചക്കാരാവുന്നു. ആർഎസ്എസ് ഘോഷയാത്രകൾ വൈസ് ചാൻസലർമാർ ഫ്ലാഗ്ഓഫ് ചെയ്യുന്നു. ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ മുൻനിരയിൽ സഞ്ചരിച്ചത് എറണാകുളം ഡിസിസി പ്രസിഡന്റായ എംഎൽഎയാണ്. സർവ മേഖലയിലും യുഡിഎഫ് സർക്കാർ ആർഎസ്എസിന് വഴിപ്പെടുകയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home