താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ ഏറ്റുമുട്ടി

ആശുപത്രിയിലെ മിനി ഓപറേഷൻ റൂമിന്റെ ഗ്ലാസ് വാതിൽ തകർത്ത നിലയിൽ
കായംകുളം
താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഡോക്ടർക്കും നഴ്‌സിനും ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. ആശുപത്രി ഉപകരണങ്ങൾ സംഘം തല്ലിത്തർത്തു. സംഭവത്തിൽ മുതുകുളം സ്വദേശി ഷഹിൻഷാ(24)യെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടി നഴ്സ് ഷൈനിക്കാണ് കൈക്ക് ഗുരുതര പരിക്കേറ്റത്. ശനി രാത്രി 11.30ഓടെയാണ് സംഭവം. ദേശീയപാതയിലെ കെടിഡിസി ബിയർ പാർലറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെ മിനി ഓപറേഷൻ തിയറ്ററിൽ ഡ്യൂട്ടി ഡോക്ടർ ചികിത്സിക്കുന്നതിനിടെയാണ് എതിർചേരിയിലെ ആളുകളെത്തി സംഘർഷം സൃഷ്ടിച്ചത്. ഇവർ തമ്മിലുള്ള കയ്യാങ്കളിക്കിടയിലാണ് സ്റ്റാഫ് നഴ്സിനും മറ്റ് ജീവനക്കാർക്കും മർദനമേറ്റത്. നഴ്സ് നിലത്ത് വീഴുകയും ചെയ്തു. അക്രമിസംഘം ഓപറേഷൻ തിയറ്ററിന്റെ ഗ്ലാസ് വാതിലുകൾ തല്ലിത്തകർക്കുകയും ചെയ്തു. ഇവർ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു. പൊലീസ് എത്തിയതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments