ad
Deshabhimani

തൊഴിലില്ലാ ഉറപ്പായി 
വിബിജി റാംജി

Employment Guarantee Scheme
avatar
സ്വന്തം ലേഖകൻ

Published on Sep 07, 2026, 12:41 AM | 1 min read

ആലപ്പുഴ

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തോടൊപ്പം ഗ്രാമീണ തൊഴിലാളികളുടെ കൈകളിൽനിന്ന് തൊഴിൽ അവസരങ്ങളും വഴുതിപ്പോകുന്നു. പദ്ധതിയുടെ പേര് മാറിയതിന് പിന്നാലെ തൊഴിൽ ആവശ്യകതയും ലഭിച്ച തൊഴിൽദിനങ്ങളും കുത്തനെ ഇടിഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതി പിന്നിടുമ്പോൾ തൊഴിൽ ആവശ്യപ്പെട്ടവരുടെ എണ്ണത്തിലും ആവശ്യപ്പെട്ടവർക്ക് ലഭിച്ച തൊഴിൽദിനങ്ങളിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. രജിസ്റ്റർചെയ്ത ജോബ് കാർഡുകൾ കഴിഞ്ഞ വർഷത്തെ 2,66,723ൽ നിന്ന് 2,67,069 ആയി ഉയർന്നെങ്കിലും തൊഴിൽരംഗത്ത് ഇതിന്റെ പ്രതിഫലനമില്ല. ആവശ്യക്കാരും തൊഴിൽദിനങ്ങളും ചുരുങ്ങി. ജൂലൈ ഒന്നുമുതലാണ് രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി പേരുമാറ്റി വികസിത് ഭാരത്–റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ആയി പുനരവതരിച്ചത്. ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റുമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ 2025–26 സാമ്പത്തികവർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ–ആഗസ്‌ത്) 3,57,220 വ്യക്തികൾ തൊഴിൽ ആവശ്യപ്പെട്ടപ്പോൾ 2026–27ൽ ഇത് 1,39,480 ആയി ഇടിഞ്ഞു. 61 ശതമാനം കുറവ്‌. തൊഴിൽദിനങ്ങൾ ആകെ 31.3 ലക്ഷത്തിൽനിന്ന് 8.74 ലക്ഷമായി കൂപ്പുകുത്തി. ഏകദേശം 72 ശതമാനം കുറവ്. കൂടാതെ 2025 ജൂലൈയിലെ 5.8 ലക്ഷം തൊഴിൽദിനങ്ങൾ ഈ വർഷം 4.9 ലക്ഷമായും ആഗസ്‌തിലെ 5.5 ലക്ഷം 3.1 ലക്ഷമായും കുറഞ്ഞു. ശക്തമായ കാലവർഷം, കേന്ദ്ര ഫണ്ടുകൾ അനുവദിക്കുന്നതിലെ സാങ്കേതിക തടസ്സം, മസ്റ്റർ റോൾ ക്രമീകരണങ്ങളിലെ കടുത്ത നിബന്ധനകൾ, വ്യക്തതയില്ലാത്ത പുതിയ മാർഗനിർദേശങ്ങൾ എന്നിവയാണ് തകർച്ചയ്ക്ക് കാരണമായി അധികൃതർ നിരത്തുന്ന ന്യായവാദങ്ങൾ. വരും മാസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തൊഴിൽ വിന്യസിക്കുകയും സാങ്കേതിക തടസ്സങ്ങൾ നീക്കുകയും വേണമെന്ന ആവശ്യം ശക്‌തമാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home