ad
Deshabhimani

കൈകൂപ്പിയിട്ടും കനിയാതെ സ്വകാര്യബസ്‌ ജീവനക്കാർ

വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽനിന്ന് വിദ്യാർഥികളെ കയറ്റാത്ത നടപടിയിൽ ബസ് ജീവനക്കാർക്ക് ഉദ്യോഗസ്ഥർ കർശന താക്കീത്  നൽകുന്നു
വെബ് ഡെസ്ക്

Published on Jul 23, 2026, 12:29 AM | 1 min read

വടക്കാഞ്ചേരി

​കൈകൂപ്പി തൊഴുതിട്ടും മനസ്സലിയാത്ത ബസ്‌ ജീവനക്കാർ കാരണം വടക്കാഞ്ചേരി ബസ്‌ സ്റ്റാൻഡിൽ വിദ്യാർഥികളുടെ യാത്രാദുരിതം തുടർക്കഥയാകുന്നു. ബസിൽ കയറ്റാത്തതിനെ തുടർന്ന്‌ കഴിഞ്ഞദിവസം 11 വിദ്യാർഥികൾക്കാണ്‌ വീട്ടിലേക്ക് മടങ്ങേണ്ടിവന്നത്‌. ഇതേത്തുടർന്ന്‌ വിദ്യാർഥികൾ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. രാവിലെ 7.30 മുതൽ 8.20 വരെയുള്ള സമയത്ത് തിരൂർ, തൃശൂർ ഭാഗത്തുള്ള സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെയാണ് സ്വകാര്യ ബസുകാർ റോഡിൽ തള്ളുന്നത്‌. ബസുകളുടെ ഡോർ അടച്ചും കണ്ടക്ടർമാർ തടഞ്ഞുനിർത്തിയുമാണ് വിദ്യാർഥികളോട് ക്രൂരത കാട്ടുന്നത്. ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന്‌ വിദ്യാർഥി കൈകൂപ്പി നിന്ന്‌ ബസ്‌ ജീവനക്കാരോട്‌ അഭ്യർഥിക്കുന്ന വീഡിയോ ആഴ്‌ചകൾക്ക്‌ മുന്പ്‌ കേരളം മുഴുവൻ ചർച്ചയായിരുന്നു. തുടർന്ന് കുറച്ചുദിവസം സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് മാന്യമായി പെരുമാറി. എന്നാൽ ഇപ്പോൾ പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ചൊവ്വ രാവിലെ 7.30 മുതൽ 8.45 വരെ നിന്നിട്ടും ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ്‌ 11 വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങിയത്‌. തുടർന്ന്‌ രക്ഷിതാക്കൾക്കൊപ്പം സ്‌റ്റേഷനിലെത്തി ബസുകളുടെ പേരുവിവരം സഹിതം വിദ്യാർഥികൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥരും പൊലീസും കർശന താക്കീത് നൽകി. സമാന നടപടി ആവർത്തിച്ചാൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home