ad
Deshabhimani

അഭ്യാസവും വിശ്രമവും കഴിഞ്ഞു

കൃഷ്ണനാട്ടം അരങ്ങിൽ 
ഇന്ന് വിളക്കുതെളിയും

ഗുരുവായൂര്‍ കൃഷ്ണനാട്ടം കളരിയില്‍ കൃഷ്ണനാട്ടം പരിശീലിക്കുന്നു
avatar
ടി ബി ജയപ്രകാശ്‌

Published on Sep 02, 2026, 12:39 AM | 1 min read

ഗുരുവായൂര്‍

തൊണ്ണൂറ് നാൾ നീണ്ട കച്ചകെട്ട് അഭ്യാസവും ചൊല്ലിയാട്ടം അഭ്യാസവും വിശ്രമവും കഴിഞ്ഞു. ബുധനാഴ്ച മുതൽ നവപ്രൗഢിയോടെ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്ര സന്നിധിയില്‍ അരങ്ങിലെത്തും.​ ​ ഈ കലാരൂപത്തെ മാത്രം ഉപാസിച്ച് 80ഓളം പേര്‍ ക്ഷേത്രകളരിയില്‍ ഉണ്ട്. ​ഗുരുവായൂരിൽ കൃഷ്ണനാട്ടം പ്രത്യേക വഴിപാടാണ്. ഗുരുവായൂരിലെ മറ്റു വഴിപാടുകളിൽ നിന്നും വ്യത്യസ്‌തമാണ് ​ കൃഷ്ണനാട്ടം വഴിപാട്. വേദിയിൽ കൃഷ്ണനാട്ടം അവതരിപ്പിച്ചാണ് വഴിപാട് പൂർത്തിയാക്കുക. ഒരുവർഷത്തിൽ 9 മാസമാണ് കളി. ഒരുമാസം അവധിയും രണ്ടുമാസം തുടർച്ചയായി പരിശീലനവുമാണ്. നല്ല മെയ്‌വഴക്കവും അഭ്യാസവും സ്വായത്തമാക്കിയാലേ കലാകാരന്മാർക്ക് തട്ടിൽ കയറാനാകൂ. അവതാരം മുതൽ സ്വർഗാരോഹണം വരെ 8 കഥകളാണ് അവതരിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കളി വിശ്വാസികൾ വഴിപാടായി സമർപ്പിക്കും . സ്വർഗാരോഹണം കഥയ്ക്ക് 3300 രൂ പയും മറ്റു കഥകൾക്ക് 3000 രൂപയുമാണ്‌ നിരക്ക്. ആദ്യദിവസത്തെ കഥ അവതാരമാണ്.അവതാരം കഴിഞ്ഞാൽ, കാളിയമർദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം -ഇങ്ങനെ എട്ടു കഥയായിട്ടാണ് കൃഷ്ണനാട്ടത്തെ വിഭജിച്ചിട്ടുള്ളത്. ആദ്യകാലത്ത് ​ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമാണ് അവതരിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ ഇന്ത്യയിൽ തന്നെ മറ്റിടങ്ങളിലും വിദേശരാജ്യങ്ങളിലും അവതരിപ്പിക്കുന്നു. ​ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുക ചടങ്ങുകൾ കഴിഞ്ഞ് നടയടച്ച ശേഷം ചുറ്റമ്പലത്തിൽ വടക്കു ഭാഗത്താണ് കൃഷ്ണനാട്ടം അരങ്ങേറുക. ഇത് കൂടാതെ അരങ്ങുകളിയുമുണ്ട്. വിജയദശമി മുതൽ 9 ദിവസങ്ങളിലായി 8 കഥകളും അവതരിപ്പിക്കുന്നതാണ് അരങ്ങ്കളി. പരിശീനലത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പൊതുവിദ്യാഭ്യാസം നൽകുന്നതിനായി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. കോഴിക്കോട് സാമൂതിരി മാനവേദരാജയാണ് കൃഷ്ണനാട്ടത്തിന്റെ കവിത രൂപമായ കൃഷ്ണഗീതി രചിച്ച് ചിട്ടപ്പെടുത്തിയതും . 371 വർഷം മുൻപ് മലയാള വർഷം 829 തുലാം 30ന് മാനവേദരാജ കൃഷ്ണഗീതി ഗുരുവായൂർ സമർപ്പിച്ചെന്നാണ് വിശ്വാസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home