കെപിസിസി രാഷ്‌ട്രീയകാര്യ സമിതി നാളെ; പുനഃസംഘടനയിൽ ചർച്ചയില്ല

പ്രത്യേക ലേഖകൻ
Published on Sep 02, 2026, 01:18 AM | 1 min read
തിരുവനന്തപുരം : പൊട്ടിത്തെറിയും രാജിയും ഉറപ്പായതോടെ നീട്ടിവച്ച കെപിസിസി പുനഃസംഘടനാ വിഷയം വ്യാഴാഴ്‌ച ചേരുന്ന രാഷ്‌ട്രീയ കാര്യസമിതി യോഗത്തിൽ ചർച്ചയ്ക്ക് എടുക്കില്ലെന്ന് സൂചിപ്പിച്ച് നേതാക്കൾ. ഇനിയും തീരുമാനമാകാത്ത ബോർഡ്, കോർപറേഷൻ നിയമനങ്ങളാകും പ്രധാന അജൻഡ. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം സംബന്ധിച്ച ആശയക്കുഴപ്പവും ചർച്ചയാകും. കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനിച്ച സർക്കാർ – പാർടി ബന്ധം മെച്ചപ്പെടുത്താനുള്ള സമിതി ഇനിയും രൂപീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമല്ലെങ്കിലും ചർച്ചയുണ്ടാകും.
അതേസമയം, പുനഃസംഘടന വിഷയത്തിൽ മുതിർന്ന നേതാക്കൾ അഭിപ്രായം വ്യക്തമാക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള പോരിന്റെ ഭാഗമായാണ് പുനഃസംഘടന നടക്കാതെ പോകുന്നത്. ഇത് സംസ്ഥാനതലംമുതൽ പ്രാദേശികതലംവരെ പാർടിയെ നിർജീവാവസ്ഥയിൽ എത്തിച്ചെന്നും നേതാക്കൾ വ്യക്തമാക്കുന്നു. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കളെല്ലാം ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
കെപിസിസിക്ക് പുതിയ പ്രസിഡന്റ് വന്നശേഷം മതി യോഗം എന്നായിരുന്നു മുൻ തീരുമാനം. എന്നാൽ, തർക്കം അതിരൂക്ഷമായതോടെ പുനഃസംഘടന ഉടൻ നടക്കില്ലെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ട് രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ഒന്നിൽ പൂർണമായും മറ്റൊന്നിൽ ഭാഗികമായും വിട്ടുനിന്ന വി ഡി സതീശന്റെ നിലപാടും നിർണായകമാകും.










0 comments