മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയില്ല; പണിമുടക്കി ഹൗസ് സർജൻമാർ

പാലക്കാട്
അപകടത്തിൽപ്പെട്ട ഹൗസ് സർജൻ വിദ്യാർഥികൾക്ക് ചികിത്സ നിഷേധിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നടപടിക്കെതിരെ ഹൗസ് സർജൻസ് അസോസിയേഷൻ പണിമുടക്കി പ്രതിഷേധിച്ചു. അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികളാണ് ചൊവ്വാഴ്‌ച ഡ്യൂട്ടി ബഹിഷ്കരിച്ചത്. തിങ്കളാഴ്‌ച രാത്രിയാണ് ഹൗസ്‌സർജൻ വിദ്യാർഥികളായ തീർഥയും ഗോപികയും അപകടത്തിൽപ്പെട്ടത്. സഞ്ചരിച്ച സ്കൂട്ടർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരുടെയും കൈകാലുകളിൽ ഗുരുതര പരിക്കേറ്റു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും എക്‌സ്‌റേ സംവിധാനവും മരുന്നും ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. തുടർന്ന് സഹപാഠികൾ ചേർന്ന് ജില്ലാ ആശുപത്രയിൽ എത്തിച്ചു. എക്‌സ്‌റേയിൽ പരിക്ക് ഗുരുതരമാണെന്നും ശസ്‌ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർ അറിയിച്ചു. പിന്നീട് രക്ഷിതാക്കളെത്തി ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രണ്ടുപേരുടെയും ശസ്‌ത്രക്രിയ പൂർത്തിയായി. മെഡിക്കൽ കോളേജിൽ ആവശ്യമായ സജീകരണങ്ങളൊന്നും രാത്രിയിൽ പ്രവർത്തിക്കുന്നില്ല. അവശ്യ മരുന്നുകളും ലഭ്യമല്ല. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കൽ കോളേജിലെ ദുരവസ്ഥയ്‌ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ബന്ധപ്പെട്ട അധികാരികൾ മറുപടി പറയണമെന്നും വിദ്യാർഥികൾ പറഞ്ഞു.










0 comments