ad
Deshabhimani

ജന്തർമന്തർ പ്രക്ഷോഭം; കേസുകൾ പിൻവലിക്കാതെ സർക്കാർ

CJP Jantar Mantar Protest
avatar
റഷീദ്‌ ആനപ്പുറം

Published on Sep 02, 2026, 01:16 AM | 1 min read

തിരുവനന്തപുരം : ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ അവസാനിപ്പിക്കാതെ കേരള പൊലീസ്‌. വിവിധ സ്‌റ്റേഷനുകളിലായി 48 കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ നാലെണ്ണം ജാമ്യംകിട്ടാത്ത വകുപ്പിലാണ്‌. കണ്ടാലറിയുന്നവരുൾപ്പെടെ 5000 പേരാണ്‌ പ്രതികൾ. ഒരാളെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം കേസുകൾ അവസാനിപ്പിക്കാനും എഴുതിത്തള്ളാനും നടപടി എടുക്കുന്പോഴാണ്‌ കേരളത്തിലെ യുഡിഎഫ്‌ സർക്കാരിന്റെ നിസ്സംഗത.


കേസ്‌ പിൻവലിക്കാനാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. കത്ത്‌ ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും കൈമാറി. ആഴ്‌ചകൾ പിന്നിട്ടിട്ടും തുടർനടപടി സ്വീകരിച്ചിട്ടില്ല. കേസ്‌ പിൻവലിക്കാൻ സംസ്ഥാന സർക്കാരിന്‌ അധികാരമുണ്ട്. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിനാൽ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ അപേക്ഷ നൽകണമെന്നുമാത്രം. അതിന്‌ സർക്കാർ അഭിഭാഷകർക്ക്‌ നിർദേശം കൊടുക്കണം. കോടതിയാണ്‌ കേസ്‌ പിൻവലിക്കാൻ അനുമതി നൽകുക.


നിലവിൽ ജന്തർമന്തർ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്‌. അതിനാൽ കീഴ്‌ക്കോടതികൾ അനുകൂല തീരുമാനമെടുക്കും. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ്‌ കേസുകൾ എന്നതിനാൽ പിൻവലിക്കാൻ യുഡിഎഫ്‌ സർക്കാർ മടിക്കുകയാണ്‌. പത്തനംതിട്ടയിൽ എട്ട്‌, തിരുവനന്തപുരത്ത്‌ ഏഴ്‌ (രണ്ടെണ്ണം ജാമ്യം കിട്ടാത്ത വകുപ്പിൽ), കണ്ണൂരിൽ അഞ്ച്‌, കാസർകോട്ടും കോഴിക്കോട്ടും തൃശൂരിലും ഇടുക്കിയിലും കോട്ടയത്തും ആലപ്പുഴയിലും മൂന്നുവീതം, മലപ്പുറത്ത്‌ രണ്ട്‌, പാലക്കാട്ടും കൊല്ലത്തും നാല്‌ വീതം എന്നിങ്ങനെയാണ്‌ കേസുകളുടെ എണ്ണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home