ad
Deshabhimani

കൈത്തറിയുടെ ഈറ്റില്ലത്തില്‍ "ഓണം ഓണാണ്'

കുത്താന്പുള്ളി നെയ്-ത്തുഗ്രാമത്തില്‍ ഓണം ഷോപ്പിങ്ങിനെത്തിയവര്‍
avatar
സിജി ഗോവിന്ദ്

Published on Aug 20, 2026, 12:22 AM | 1 min read

തിരുവില്വാമല

​കേരളത്തിലെ ഓണാഘോഷങ്ങളില്‍ കുത്താന്പുള്ളി ട്രെന്‍ഡ് ഒഴിച്ചുകൂടാനാകാത്തതാണ്. ട്രെന്‍ഡുകളും ഫാഷനുകളുമെല്ലാം മാറിയാലും ഈ നെയ്ത്തുഗ്രാമത്തിലെ കൈത്തറി മഹിമ വേറെതന്നെയാണ്. ഓഫറുകളോ വിലക്കുറവോ പറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വ്യാപാര രീതിയല്ല കുത്താമ്പുള്ളിയില്‍. അതുകൊണ്ടുതന്നെ മറ്റെവിടെയുമില്ലാത്ത വിലക്കുറവാണ് ഇവിടത്തെ പ്രത്യേകത. കുത്താമ്പുള്ളിയിലെ തിരക്ക് ഓണത്തിന് രണ്ടുമാസം മുമ്പേ തുടങ്ങും. കേരളത്തിലെ പ്രശസ്തമായ പല ടെക്സ്‌റ്റൈല്‍ ഷോറും ഉടമകളും തുണിത്തരങ്ങള്‍ വാങ്ങന്നുത് കുത്താമ്പുള്ളിയില്‍ നിന്നാണെന്നത് പരമ യാഥാര്‍ഥ്യമാണ്. ഊടിലും പാവിലും മികച്ചുനില്‍ക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ കുത്താമ്പുള്ളിയുടെ മാത്രം പ്രത്യേകതയാണ്. കൊച്ചി രാജവംശത്തിനായി വസ്ത്രങ്ങള്‍ നെയ്‌തെടുക്കാന്‍ മൈസൂരില്‍നിന്നും 400 വര്‍ഷംമുമ്പ് അന്നത്തെ മഹാരാജാവ് കൊണ്ടുവന്ന ഹിന്ദുദേവാംഗ സമുദായത്തിന്റെ പിന്‍മുറക്കാരാണ് കുത്താമ്പുള്ളിയിലെ പരമ്പരാഗത നെയ്ത്തുകാര്‍. ഇഷ്ടാനുസരണം വിലക്കുറവോടെയും ഗുണമേന്മയോടെയും കൈത്തറി വസ്ത്രങ്ങളും മറ്റ് വസ്ത്രശേഖരങ്ങളും തെരഞ്ഞെടുക്കാമെന്നതാണ് എല്ലാവരേയും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഓണക്കാലത്ത് കൈത്തറിയിലും കസവു ചാര്‍ത്തിയ സെറ്റുസാരിക്കും മുണ്ടും വേഷ്ടിക്കുമൊക്കെ ആവശ്യക്കാരുണ്ടെങ്കിലും പുത്തന്‍ ട്രെന്‍ഡിനുപിറകെ പായുന്നവരാണ് കൂടുതല്‍. അതിനാല്‍ പവര്‍ ലൂം വസ്ത്രങ്ങളും ഇവിടെ ലഭിക്കും. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ യഥാര്‍ഥ കൈത്തറി ഏതെന്ന് മനസ്സിലാകാതെ പവര്‍ലൂം വസ്ത്രങ്ങള്‍ വാങ്ങിമടങ്ങുന്നതും സര്‍വസാധാരണം. സെറ്റുമുണ്ടുകളിലും സാരികളിലും തൊട്ടാവാടി, മുക്കുറ്റി, ശംഖുപുഷ്പം, ചെണ്ടുമല്ലി പ്രിന്റുകളാണ് ട്രെൻഡ്‌. പുളിയിലക്കരയ്ക്കും ഡിമാന്‍ഡാണ്. ജെന്റ്‌സ് വിഭാഗത്തില്‍ കോംബോ ഡിസൈനാണ് ഇത്തവണത്തെ ട്രെന്‍ഡ്. 120 റീടെയില്‍ ഷോപ്പുകളാണ് ഇവിടെയുള്ളത്. കുത്താമ്പുള്ളി നെയ്ത്ത് വ്യവസായ സഹകരണ സംഘം, എരവത്തൊടി നെയ്ത്ത് സഹകരണ സംഘം, തിരുവില്വാമല നെയ്ത്ത് സഹകരണ സംഘം എന്നിവിടങ്ങളില്‍നിന്ന് സര്‍ക്കാര്‍ റിബേറ്റോടെ കൈത്തറി വസ്ത്രങ്ങളും സ്വന്തമാക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home