print edition വിഴിഞ്ഞം കണക്റ്റിവിറ്റി റോഡ്; മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപഹാസ്യം: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വസ്തുതകൾ മറച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വാണിജ്യ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് സർക്കാർ രണ്ടരമാസംകൊണ്ട് എന്തോ വലിയകാര്യം പൂർത്തിയാക്കിയതായി അവകാശപ്പെടുന്നത് വസ്തുതയ്‌ക്ക് നിരക്കുന്നതല്ല.
2022ൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ പൂർണപിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫാണ്. ഇന്നത്തെ മുഖ്യമന്ത്രി അന്ന് സമരസ്ഥലം സന്ദർശിച്ച് നിർമാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് യുഡിഎഫ് സ്പോൺസർചെയ്ത തുറമുഖവിരുദ്ധ സമരം വിമോചനസമരത്തിന്റെ ആവർത്തനമാകുമെന്ന് സ്വപ്നംകണ്ടവരുടെ കൂട്ടത്തിൽ അന്നത്തെ കെപിസിസി പ്രസിഡന്റും ഉണ്ടായിരുന്നു.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ തുറമുഖനിർമാണം നിർത്തില്ലെന്ന ഉറച്ച നിലപാടെടുത്തത് എൽഡിഎഫ് സർക്കാരാണ്. പദ്ധതി നിർത്താൻ സമരംചെയ്തവർ, എൽഡിഎഫ് സർക്കാർ 99 ശതമാനവും പൂർത്തിയാക്കിയ റോഡ് കണക്ടിവിറ്റിയുടെ പേരിൽ മുതലെടുപ്പിനുവരുന്നത് അപഹാസ്യമാണ്.
തുറമുഖത്തെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് പദ്ധതി ആസൂത്രണം, ഭൂമിഏറ്റെടുക്കൽ, നിയമപരമായ നടപടി, സർക്കാർ അനുമതി എന്നിവ അതിവേഗം മുന്നോട്ടുകൊണ്ടുപോയത് എൽഡിഎഫ് സർക്കാരാണ്. 2024 ജനുവരിയിൽ റോഡ് കണക്ടിവിറ്റിക്കായി ആവശ്യമുള്ള 42 സെന്റിൽ 35.81 സെന്റ് ഭൂമിയും ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലം ഏറ്റെടുക്കുന്നതിലും അനുമതി നൽകുന്നതിലും കാലതാമസം വരുത്തിയത് ദേശീയപാത അതോറിറ്റിയാണ്.
വിഴിഞ്ഞം പദ്ധതിയുടെ ഓരോഘട്ടത്തിലും എൽഡിഎഫ് സർക്കാർ നടത്തിയ കൃത്യമായ ഇടപെടൽ രേഖകളിലുണ്ട്. പദ്ധതിയുടെ ക്രെഡിറ്റ് കൈയടക്കാനുള്ള വിലകുറഞ്ഞ ആരോപണങ്ങൾ കേരളജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments