മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ

കോട്ടയം
മജിസ്‌ട്രേറ്റിനെ തീവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളെ അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചു. പെരുമ്പായിക്കാട് ഒറ്റപ്ലാക്കൽ ശ്രീദേവ് മോഹൻ (24), അയ്മനം ശ്രീനവമി വീട്ടിൽ നിതിൻ പ്രകാശ് (27) എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി- (അഞ്ച്) ജഡ്‌ജി ആർ ഹരി ശിക്ഷിച്ചത്. 2024 ആഗസ്‌ത് 23-നായിരുന്നു സംഭവം. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തന്റെ ഔദ്യോഗിക വാഹനം കോട്ടയം ഐസിഐസിഐ ബാങ്കിന്റെ മുൻവശത്ത് പാർക്ക് ചെയ്ത സമയത്ത്, മറ്റൊരു കാറിൽ പ്രതികൾ അവിടേക്കെത്തി. ഇവർ പെട്രോൾ നിറച്ച കുപ്പികൾ കാണിച്ച്, കാറിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. കോട്ടയം വെസ്റ്റ് എസ്‌ഐ വി വിദ്യ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സജി എസ് നായർ, സിറിൽ തോമസ് പാറപ്പുറം, ധനുഷ് ബാബു എന്നിവർ ഹാജരായി.










0 comments