സിപിഐ എം ശ്രദ്ധക്ഷണിക്കൽ സമരം നടത്തി
ദേശീയപാത 66ൽ മൂത്തകുന്നത്ത് പ്രവേശനകവാടം വേണം

സിപിഐ എം നേതൃത്വത്തിൽ മൂത്തകുന്നത്ത് നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പുതിയ ദേശീയപാത -66 നിർമാണത്തിന്റെ ഭാഗമായി മൂത്തകുന്നത്ത് എൻട്രിയും എക്‌സിറ്റും അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മാല്യങ്കരമുതൽ മൂത്തകുന്നംവരെയുള്ള ഏഴ് വാർഡുകളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം തിരുത്തണമെന്ന ആവശ്യമുന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ മൂത്തകുന്നത്ത് ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. പി ആർ പ്രസാദ് അധ്യക്ഷനായി.
വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ആർ ബോസ്, കെ എം അംബ്രോസ്, മൂത്തകുന്നം ലോക്കൽ സെക്രട്ടറി പി ഡി രാജീവ്, എം എ ഗിരീഷ് എന്നിവർ സംസാരിച്ചു.
മാല്യങ്കര എസ്എൻഎം കോളജ്, എൻജിനീയറിങ് കോളജ്, സ്‌കൂളുകൾ ഉൾപ്പെടെ മൂത്തകുന്നംമുതൽ മാല്യങ്കരവരെ അനേകം വിദ്യാഭ്യാസ സ്‌ഥാപനങ്ങളുണ്ട്. തീർഥാടന കേന്ദ്രമായ ചെട്ടിക്കാട് പള്ളിയും ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്‌ഠിച്ച ശ്രീനാരായണമംഗലം ക്ഷേത്രവും മൂത്തകുന്നത്താണുള്ളത്. മൂത്തകുന്നത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തും സുഗമമായ ഗതാഗതത്തിനും എൻട്രിയും എക്‌സിറ്റും വേണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രി പി കെ ബഷീർ, എൻഎച്ച് പ്രോജക്‌ട് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.










0 comments