print edition ലോകബാങ്ക് വായ്‌പയിൽനിന്ന് സർവകലാശാലകൾക്ക് ഫണ്ട്; സ്വയംഭരണാധികാരം അപകടപ്പെടുത്തുന്ന നീക്കം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോകബാങ്കിൽനിന്ന് കടംവാങ്ങി സർവകലാശാലകളുടെ പ്രവർത്തനഫണ്ട് നൽകാനുള്ള സർക്കാർ തീരുമാനം സ്വയംഭരണാധികാരത്തെ അപകടപ്പെടുത്തുന്നത്. ഓരോ സർവകലാശാലയ്‌ക്കും 150 കോടി രൂപയുടെ പദ്ധതിക്ക് ശുപാർശ തയ്യാറാക്കാനാണ് വൈസ് ചാൻസലർമാരോട് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർദേശിച്ചിരിക്കുന്നത്.
2000 കോടിരൂപ ലോകബാങ്കിൽനിന്ന് കടമെടുക്കാനും അതിൽനിന്ന് സർവകലാശാലകൾക്ക് ഫണ്ട് നൽകാനുമാണ് സർക്കാർ നിലപാട്. സർവകലാശാലാ നിയമങ്ങൾ ഏകീകരിക്കാനുള്ള ഗൂഢനീക്കമാണിത്. വായ്‌പാ തിരിച്ചടവ് എങ്ങനെയെന്ന് സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. തിരിച്ചടവിന്റെ ബാധ്യത സർവകലാശാലയുടെ തലയിലാവും കെട്ടിവയ്‌ക്കുക. ഇത് ഫീസ് വർധനയടക്കം വിദ്യാർഥി വിരുദ്ധ നയ തീരുമാനങ്ങൾക്ക് കാരണമാകും.
വായ്‌പയുമായി ബന്ധപ്പെട്ട നിബന്ധനയും നിയന്ത്രണവും വെളിപ്പെടുത്തിയിട്ടില്ല. ലോകബാങ്ക് സഹായത്തിന്റെ മറവിൽ സർവകലാശാലകളുടെ നിയമവും നയവും മാറ്റാനുള്ള നിർദേശം സാന്പത്തിക വിധേയത്വത്തിലേക്ക് സർവകലാശാലകളെ തള്ളിവിടുന്നതാണെന്നും ആശങ്കയുണ്ട്.
സർവകലാശാലകളെ കൈപ്പിടിയിലാക്കുന്ന കേന്ദ്രനയംതന്നെയാണ് ഏകീകരണ നീക്കങ്ങളിലൂടെ സംസ്ഥാന സർക്കാരും നടത്തുന്നത്. സർവകലാശാലകളുടെ അക്കാദമിക് ജനാധിപത്യത്തെ മാനിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.








0 comments