print edition നീറ്റ് ചോദ്യച്ചോർച്ച; കോടതിയിൽ പതറി കേന്ദ്രം

ന്യൂഡൽഹി: യുവജന–വിദ്യാർഥിരോഷം ആളിക്കത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടി കേന്ദ്രസർക്കാർ. രാധാകൃഷ്‌ണൻ സമിതിയും നന്ദൻ നിലേക്കനി സമിതിയും നൽകിയ ശുപാർശകളിൽ എടുത്ത നടപടിയും അതിന്റെ പുരോഗതിയും വ്യക്തമാക്കുന്ന സത്യവാങ്‌മൂലം മൂന്നാഴ്‌ചയ്ക്കകം സമർപ്പിക്കാൻ ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) വ്യവസ്ഥാപിത പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, യുപിഎസ്‌സി പോലെ ശാക്തീകരിക്കപ്പെട്ട സ്ഥാപനമായി അതിനെ ഉടച്ചുവാർക്കണമെന്നു നിർദേശിച്ചു.
അച്ചടി മുതൽ പരീക്ഷാഹാൾ വരെ നീളുന്ന സുരക്ഷാപ്രോട്ടോക്കോളിനെക്കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിക്കവെ ഇടപെട്ട കോടതി, പരീക്ഷ നടക്കുന്ന ദിവസം നടത്തുന്ന സുരക്ഷാനടപടികളെക്കുറിച്ചല്ല പറയേണ്ടതെന്ന് ഖണ്ഡിച്ചു. ഇവയെല്ലാം രാധാകൃഷ്‌ണൻ കമ്മിറ്റിയും കോടതിയും പരിശോധിച്ചുകഴിഞ്ഞതാണ്. 16 മേഖലകളിൽ ശാക്തീകരണം വേണമെന്ന് രാധാകൃഷ്‌ണൻ സമിതി പറഞ്ഞിട്ടും അടുത്തിടെ മാത്രമാണ് നിയമനങ്ങൾപോലും തുടങ്ങിയത്.
പരീക്ഷാനടത്തിപ്പ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ എത്ര നിയമനങ്ങൾ നടത്തിയെന്ന ചോദ്യത്തിന്, പരസ്യം നൽകിയിട്ടുണ്ടെന്നായിരുന്നു മേത്തയുടെ ദുർബല മറുപടി.
എത്ര മുതിർന്ന ഉദ്യോഗസ്ഥർ ചുമതലയേറ്റിട്ടുണ്ടെന്ന ചോദ്യത്തിന് നിയമനങ്ങൾ നടക്കുന്നതേയുള്ളുവെന്നായിരുന്നു പ്രതികരണം.
പരീക്ഷയുടെ ഡാറ്റ ഏത് സെർവറിലാണ് സൂക്ഷിക്കുന്നതെന്ന ചോദ്യത്തിന് ഡാറ്റാബേസിനെപ്പറ്റി ആലോചിക്കുന്നതേയുള്ളുവെന്നും ഉത്തരം നൽകി തടിയൂരാൻ ശ്രമിച്ചു. ഇക്കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, ഡാറ്റ സംഭരണം വലിയ പ്രശ്‌നമാണെന്ന് കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചു.








0 comments