ഇറാനി കപ്പ്: ജമ്മു കശ്മീരിനെ തകർത്ത് റെസ്റ്റ് ഓഫ് ഇന്ത്യ

മുകേഷ് കുമാർ| Photo:X
ശ്രീനഗർ : ഇറാനി കപ്പിൽ ജമ്മു കശ്മീരിനെ 167 റൺസിന് തകർത്ത് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് കിരീടം. നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെ നാലാം ദിനം തന്നെ പരാജയപ്പെടുത്തുകയായിരുന്നു. പേസർമാരായ മുകേഷ് കുമാറും ആകാശ് ദീപും ചേർന്ന് ഒൻപത് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 41 റൺസിന്റെ ലീഡ് നേടിയിരുന്നതുകൊണ്ട് സമനില നേടിയാൽ ജമ്മു കശ്മീരിന് കിരീടം സ്വന്തമാക്കാമായിരുന്നു.
എന്നാൽ മുകേഷ് കുമാറിന്റെയും ആകാശ് ദീപിന്റെയും ബൗളിങ്ങിന് മുന്നിൽ ജമ്മു കശ്മീർ 111 റൺസിന് പുറത്തായി. മുകേഷ് 33 റൺസ് വഴങ്ങി ആറ് വിക്കറ്റും ആകാശ് ദീപ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ഷുഭം ഖജൂരിയയും ഖമ്രാൻ ഇഖ്ബാലും ചേർന്ന് ആദ്യ വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 32 റൺസ് വീതം നേടി.
ആകാശ് ദീപ് ഇഖ്ബാലിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തു. 15-ാം ഓവറിൽ മുകേഷ് കുമാർ ഷുഭം പുന്ദിറിനെയും ക്യാപ്റ്റൻ പരസ് ഡോഗ്രയെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി. ഉച്ചഭക്ഷണത്തിന് ശേഷം ആദ്യ പന്തിൽ തന്നെ ഖജൂരിയയെ ആകാശ് ദീപ് പുറത്താക്കിയതോടെ ജമ്മു കശ്മീരിന്റെ തകർച്ച പൂർണമായി. തുടർന്നുള്ള ഒൻപത് ഓവറിൽ വെറും 22 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി.
രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ 319 റൺസിന് പുറത്തായി. ഉമർ നാസിർ, സുനിൽ കുമാർ, സാഹിൽ ലോട്ര എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ മറുപടി ബൗളിങ്ങിൽ റെസ്റ്റ് ഓഫ് ഇന്ത്യ ശക്തമായ പ്രകടനം പുറത്തെടുത്തതോടെ ജയം ഉറപ്പിച്ചു.








0 comments