ദസറ തിരക്കിനിടെ ട്രെയിനുകൾ റദ്ദാക്കി റെയിൽവെ; ആശങ്കയിൽ യാത്രക്കാർ

ബെംഗളൂരു : അവധിക്കാലവും ദസറയും ആഘോഷിക്കാൻ കാത്തിരുന്നവരെ ദുരിതത്തിലാക്കി ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ദക്ഷിണ-പശ്ചിമ റെയിൽവേയുടെ ഈ നടപടി യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. യാത്രാ തിരക്കിനിടെ ബെംഗളൂരു–മംഗളൂരു, ബെംഗളൂരു–കാർവാർ റൂട്ടുകളിലെ പകൽ ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിനുകൾ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ഒക്ടോബർ 4 മുതൽ നവംബർ 4 വരെയാണ് വിവിധ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദസറ അവധിക്കാലത്തെ ഏതാനും ദിവസങ്ങളിൽ സർവീസ് നടത്തുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യാത്രക്കാർ ആശങ്കയിലാണ്. യശ്വന്ത്പുർ–മംഗളൂരു ജങ്ഷൻ ഗോമതേശ്വര എക്സ്പ്രസ്, യശ്വന്ത്പുർ–കാർവാർ എക്സ്പ്രസ്, യശ്വന്ത്പുർ–മംഗളൂരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വിവിധ ദിവസങ്ങളിൽ റദ്ദാക്കിയിരിക്കുന്നത്. ചുരുക്കത്തിൽ, ആകെ 26 റൗണ്ട് ട്രിപ്പുകളെ ഈ നിയന്ത്രണം ബാധിക്കും.
ദസറ അവധിക്കാലത്ത് കർണാടകയിലേക്കും മൈസൂരു മേഖലയിലേക്കും യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കും ദസറയ്ക്കുമായി നിരവധി പേർ യാത്ര ചെയ്യുന്ന സമയമാണിത്.
അറ്റകുറ്റപ്പണികൾ നടത്താനാണ് റെയിൽവേ ഈ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ ദസറയ്ക്ക് ശേഷം നടത്താമായിരുന്നുവെന്നും, വാരാന്ത്യങ്ങൾ ഒഴിവാക്കി ജോലികൾ ക്രമീകരിക്കാമായിരുന്നുവെന്നും യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 2025ൽ വൈദ്യുതീകരണ ജോലികൾക്കായി ഈ പാതയിലെ പകൽ ട്രെയിനുകൾ ആറുമാസത്തോളം റദ്ദാക്കിയിരുന്നു.








0 comments