Deshabhimani

അധിനിവേശവേട്ടയിൽ പതറാതെ ഇറാന്റെ മെഡൽവേട്ട

iran women.jpg
വെബ് ഡെസ്ക്

Published on Oct 04, 2026, 05:37 PM | 2 min read

നഗോയ : അമേരിക്കയുടെ കടുത്ത ആക്രമണത്തിന്റെ കാലുഷ്യത്തിനിടയിലും കായികമികവ്‌ ഉയർത്തിപ്പിടിച്ച ഇറാന്റെ നേട്ടത്തിന്‌ സമാനതകളില്ല. ജപ്പാനിൽ സമാപിച്ച ഏഷ്യൻ ഗെയിംസിൽ 19 സ്വർണമടക്കം 52 മെഡലുകളുമായി രാജ്യം ആറാം സ്ഥാനം സ്വന്തമാക്കി. 2022ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിനേക്കാൾ ആറ് സ്വർണം അധികം നേടിയവർ പശ്‌ചിമേഷ്യൻ രാജ്യങ്ങളിൽ ഒന്നാമതാണ്‌. മൂന്ന്‌ സ്വർണമടക്കം നിരവധി മെഡലുകൾ സ്വന്തമാക്കിയ ഇറാൻ വനിതകൾ ചരിത്രമെഴുതുകയും ചെയ്‌തു.


ജപ്പാനിൽ മെഡൽ നേടിയ ഇനങ്ങളുടെ എണ്ണത്തിലും ഇറാൻ പുതിയ റെക്കോഡ് കുറിച്ചു. ഗുസ്തിയിലാണ് ഇറാന്റെ ഏറ്റവും മികച്ച പ്രകടനം. ഗ്രീക്കോ-റോമൻ, ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലായി ആറ് സ്വർണമാണ് നേടിയത്. തായ്‌ക്വോണ്ടോ, ഭാരോദ്വഹനം എന്നിവയിൽ രണ്ട് വീതം സ്വർണവും സ്വന്തമാക്കി. വോളിയിൽ കരുത്തരായ ജപ്പാനെ വീഴ്‌ത്തി ഒന്നാമതായി. കരാട്ടെ, വുഷു, തൈക്ക്വാണ്ടോ തുടങ്ങിയ കോന്പാറ്റ്‌ ഇനങ്ങളിൽ ഇറാൻ വലിയ മേധാവിത്വം പുലർത്തി.


വനിതാ താരങ്ങളും ഇറാന്റെ മെഡൽനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് സ്വർണമാണ് വനിതാ താരങ്ങൾ നേടിയത്. വനിതാ തായ്‌ക്വോണ്ടോയിൽ സഗർ മൊറാദിയിലൂടെ ഇറാൻ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം സ്വന്തമാക്കിയപ്പോൾ റോവിങ്ങിൽ ഫാത്തിമെ മൊജല്ലലും ചരിത്രനേട്ടം കുറിച്ചു. വസ്‌ത്രധാരണത്തിന്റെയും ചില ഇനങ്ങളിൽ നിന്നുള്ള വിലക്കിന്റെയും പേരിൽ വെല്ലുവളികൾ നേരിടുന്ന ഇറാൻ സ്‌ത്രീത്വത്തിന്റെ തിരിച്ചുവരവ്‌ കൂടിയാണ്‌ ഇ‍ൗ മുന്നേറ്റം. പല കായികയിനങ്ങളിലും അടുത്ത കാലത്താണ്‌ ഇറാൻ വനിതകൾക്ക്‌ മത്സരിക്കാൻ തന്നെ അനുമതി ലഭിച്ചത്‌. അമേരിക്കൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പലയിനങ്ങളിലും വനിതാ ടീമിന്‌ പരിശീലനം മുടങ്ങിയിരുന്നു.


കൂടുതൽ കായികയിനങ്ങളിലേക്ക്‌ ഇറാൻ വിജയകരമായി കടന്നുചെല്ലുന്നു എന്നതു തന്നെയാണ്‌ അവെരുടെ കായികവികസനത്തിന്റെ ഏറ്റവും പ്രധാന സൂചന. 305 അംഗ സംഘവുമായി 38 ഇനങ്ങളിൽ ഇത്തവണ മത്സരിച്ചു. കരാട്ടെ, വുഷു, അത്‌ലറ്റിക്സ്, കുരാഷ്, ജിംനാസ്റ്റിക്സ്, കബഡി, ബാസ്കറ്റ്ബോൾ, ഇ-സ്പോർട്സ്, സ്പോർട് ക്ലൈംബിങ്, പാഡൽ, ഫെൻസിങ്, ഷൂട്ടിങ്, കനോയി സ്പ്രിന്റ്, ടേബിൾ ടെന്നിസ് തുടങ്ങിയ ഇനങ്ങളിൽ മെഡൽ നേടി. പുരുഷ-–വനിതാ കബഡി ടീമുകൾ വെള്ളി നേടിയപ്പോൾ, പുരുഷ വോളിബോൾ ടീം ജപ്പാനെ 3–1ന് തോൽപ്പിച്ച് കിരീടം നിലനിർത്തിയത്‌ വലിയ നേട്ടമായി.


ബഹറിൻ–11, യുഎഇ–7, ഖത്തർ–6, സ‍ൗദി അറേബ്യ–4, കുവൈത്ത്‌–4 എന്നിവരാണ്‌ ഗൾഫ്‌മേഖലയിൽ നിന്ന്‌ സ്വർണമെഡൽ പട്ടികയിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ. ഇറാഖിനും ഒമാനും സ്വർണമില്ല.


ഇറാൻ താരങ്ങൾ ഇനി ഒളിന്പിക്‌സിനുള്ള ഒരുക്കത്തിലാണ്‌. ഗുസ്‌തി, കരാട്ടെ, വുഷു, തൈക്ക്വാണ്ടോ അടക്കമുള്ള ഇനങ്ങളിൽ ലോക നിലവാരമുള്ള താരങ്ങൾ അവർക്കുണ്ട്‌. അതുകൊണ്ട്‌ തന്നെ കായികരംഗത്ത്‌ ഇറാൻ ലോകത്തെ പ്രധാന ശക്തിയായി ഉയരുക തന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home