print edition ഐഷി ഘോഷിന്റെ പരിപാടിക്ക് സെമിനാർ കോംപ്ലക്‌സ് വിട്ടുനൽകിയില്ല; പ്രതിഷേധിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കി വിസി

തേഞ്ഞിപ്പലം: ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് സെമിനാർ കോംപ്ലക്‌സ് വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പഠനവിഭാഗത്തിൽനിന്ന് പുറത്താക്കി കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ.
റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ പഠനവിഭാഗത്തിലെ ഇന്റർഗ്രേറ്റഡ് എംഎ കമ്പാരറ്റീവ് ലിറ്ററേച്ചർ വിദ്യാർഥിയും എസ്എഫ്ഐ ക്യാമ്പസ് യൂണിറ്റ് സെക്രട്ടറിയുമായ എം അഭിനന്ദിനെയാണ് പുറത്താക്കിയത്. ഹോസ്റ്റലിൽ കയറുന്നത് വിലക്കുകയും ചെയ്‌തു.
ഡിഎസ്‌യു ആഭിമുഖ്യത്തിൽ ഐഷി ഘോഷ് പങ്കെടുക്കുന്ന മാഗസിൻ പ്രകാശനം ഉൾപ്പെടെ കാർണിവൽ നടത്താൻ സർവകലാശാലക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒക്ടോബർ ആറുവരെ ഡിഎസ്‌യുവിന് ഇ എം എസ് സെമിനാർ കോംപ്ലക്‌സ് നൽകേണ്ടതില്ലെന്ന് മുസ്ലിംലീഗ് അധ്യാപക സംഘടനാ നേതാവ് കൂടിയായ പിവിസി ഡോ. റഷീദ് അഹമ്മദ് ഫയലിൽ കുറിച്ചു. ഒക്ടോബറിൽ നടക്കുന്ന കോൺവെക്കേഷന്റെ പേരിലായിരുന്നു തടയൽ.
ഇതിനെതിരെ അഭിനന്ദിന്റെ നേതൃത്വത്തിൽ വിസി ഡോ. പി രവീന്ദ്രനെ ഉപരോധിച്ചിരുന്നു. രണ്ട് ദിവസത്തെ പ്രതിഷേധത്തിനൊടുവിൽ സർവകലാശാലക്ക് സെമിനാർ കോംപ്ലക്‌സ് അനുവദിക്കേണ്ടിവന്നു. ഐഷി ഘോഷ് പങ്കെടുക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് അഭിനന്ദിനെതിരായ നടപടി.
കള്ളക്കേസിന്റെ പേരിൽ ക്ലാസിൽ കയറാനാവാത്തതിനാൽ നാലാം സെമസ്റ്റർ വിദ്യാർഥിയായിരുന്ന അഭിനന്ദിനെ റീ അഡ്മിഷനിലൂടെ മൂന്നാം സെമസ്റ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയൽ പുനഃപരിശോധിച്ചശേഷം മൂന്നാം സെമസ്റ്ററിനുള്ള പുനഃപ്രവേശന അപേക്ഷ തള്ളിയെന്ന് പറഞ്ഞാണ് പുറത്താക്കൽ. ചൊവ്വാഴ്ചവരെ ക്ലാസിലിരുന്ന വിദ്യാർഥിയെയാണ് സംഘപരിവാറിനെ പ്രീണിപ്പിക്കാനായി ബുധനാഴ്ച പുറത്താക്കിയത്.








0 comments