പച്ചക്കറി വില ഉയരുന്നു

ജോർജ് ജോൺ
Published on May 14, 2026, 12:54 AM | 1 min read
തൃശൂർ
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ജില്ലയില്‍ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നു. ബീന്‍സ്, കയ്പക്ക എന്നീ പച്ചക്കറികള്‍ക്കാണ് വന്‍ വര്‍ധന. ഒരാഴ്‌ചക്കിടെ ബീൻസിന് കിലോയ്ക്ക് 60 രൂപ കൂടി. 70 രൂപയായിരുന്ന ബീൻസിനിപ്പോൾ 130 ആണുവില. 35 രൂപയുണ്ടായിരുന്ന പയറിന് 60 രൂപയും 35 രൂപ ഉണ്ടായിരുന്ന പാവയ്ക്കക്ക് 65 രൂപയുമായി. 30 മുതൽ 50 രൂപവരെ ഉണ്ടായിരുന്ന പച്ചക്കറികൾക്ക് 30 മുതൽ 40 രൂപവരെ കൂടി. കിലോക്ക് 20 രൂപയുണ്ടായിരുന്ന മത്തനും ചേനക്കും കുമ്പളത്തിനും 10രൂപ വര്‍ധിച്ച് 30 ആയി. 30 രൂപയുണ്ടായിരുന്ന പടവലങ്ങ, കോവയ്ക്ക എന്നിവ 60 ഉം 50 രൂപയായും ഉയർന്നു. കാരറ്റിനും മുരിങ്ങയ്ക്കും 50 രൂപയായി. നേന്ത്രക്കായ 45 രൂപയിൽ നിന്ന് 55 രൂപയായി. വഴുതന, ബീറ്റ്റൂട്ട്, വെണ്ടയ്ക്ക എന്നിവയുടെ വില 50 രൂപയാണ്. ഉരുളക്കിഴങ്ങ്, കോളിഫ്ലവർ വാങ്ങാന്‍ 50 രൂപ നൽകണം. പച്ചമുളകിന് 80 രൂപയും ഇഞ്ചിക്ക് 160 രൂപയുമായി. പച്ചക്കറിയുടെ വിലക്കയറ്റം നേരിട്ട് ബാധിക്കുന്നത് അടുക്കളയെയാണ്. ചെറിയ വരുമാനംകൊണ്ട് ജീവിക്കുന്ന പാവപ്പെട്ടവരുടെ കുടുംബ ബജറ്റ് ഇതോടെ താളം തെറ്റും. തമിഴ്നാട്ടില്‍ വേനല്‍മഴ കുറഞ്ഞതാണ് പച്ചക്കറിവരവ് കുറയാന്‍ കാരണം. വരും ദിവസങ്ങളില്‍ തമിഴ്നാടില്‍നിന്നും കൂടുതല്‍ പച്ചക്കറികളെത്തുന്നതോടെ വിലകുറയുമെന്ന് വ്യാപാരികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.










0 comments