അത്തം കഴിഞ്ഞിട്ടും ഓണക്കിറ്റ് എത്തിയില്ല; സ്പെഷ്യൽ അരിയും ഇല്ല

തിരുവനന്തപുരം : അത്തം കഴിഞ്ഞിട്ടും ഓണക്കിറ്റ് നൽകാതെ സാധാരണക്കാരുടെ അന്നം മുട്ടിച്ച് യുഡിഎഫ് സർക്കാരിന്റെ കടുത്ത അനാസ്ഥ. സംസ്ഥാനത്തെ മഞ്ഞ കാർഡ് (എഎവൈ) ഉടമകളും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളും സൗജന്യ ഓണക്കിറ്റിനായി കാത്തിരിപ്പിലാണ്. എന്നാൽ റേഷൻ കടകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കിറ്റുകൾ ഇതുവരെ പൂർണമായും എത്തിയിട്ടില്ല. വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സ്പെഷ്യൽ അരിയും റേഷൻ കടകളിൽ എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
സംസ്ഥാനത്തൊട്ടാകെ ഓഗസ്റ്റ് 10ന് തന്നെ കിറ്റ് വിതരണം ആരംഭിച്ചുവെന്ന് സർക്കാർ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും റേഷൻ കടകൾ വഴിയുള്ള വിതരണം പൂർണമായും താളംതെറ്റിയിരിക്കുകയാണ്. ഈ മാസം 20ന് മുൻപായി എല്ലാ റേഷൻ കടകളിലും കിറ്റുകൾ എത്തിക്കുമെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ വിശദീകരണം. വിവിധ വകുപ്പുകൾ ഓണാഘോഷ പരിപാടികൾക്കും മേളകൾക്കുമായി കോടികൾ ചെലവിട്ട് തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് പാവപ്പെട്ടവന്റെ ഓണക്കിറ്റിന്റെ കാര്യത്തിൽ അനാസ്ഥ തുടരുന്നത്.
2018ലെ പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധി സമയത്തും ഓണക്കിറ്റ് മുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ ലോകത്തിന് തന്നെ മാതൃകയായ സാമൂഹിക സുരക്ഷാ സംവിധാനമാക്കി മാറ്റുകയായിരുന്നു എൽഡിഎഫ് സർക്കാർ. ഓണക്കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ എൽഡിഎഫ് സർക്കാർ കാണിച്ച കരുതലിന്റെ തുടർച്ചയായിരുന്നു 2021-22 കാലത്തെ വിപുലമായ ഓണക്കിറ്റ് വിതരണം.
2022ൽ റേഷൻ കടകൾ വഴി വിതരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 68 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകിയിരുന്നു. 2025ലും മഞ്ഞ കാർഡ് കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,32,910 ഓണക്കിറ്റുകളാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത്. 42.83 കോടി രൂപയായിരുന്നു ഇതിന് ചെലവായത്. എന്നാൽ 2026ൽ യുഡിഎഫ് ഭരണത്തിൽ 6,09,305 പേർക്കായി 53 കോടി രൂപയുടെ 16 ഇന കിറ്റ് നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ അത് ജനങ്ങളിലെത്തിക്കുന്നതിൽ വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
ഓണക്കാലത്ത് പൊതുവിപണിയിലെ അരിവില വർധിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക റേഷൻ വിതരണവും പാളി. അവശ്യസാധനങ്ങളുടെ വില വിപണിയിൽ കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ യാതൊരു ക്രിയാത്മക ഇടപെടലും നടത്തുന്നില്ല.
ഓണം പ്രമാണിച്ച് നീല കാർഡ് ഉടമകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 3 കിലോ അരിയും, 8.70 രൂപ നിരക്കിൽ 2 കിലോ ഗോതമ്പും, വെള്ള, നീല, ബ്രൗൺ കാർഡുകൾക്ക് കിലോയ്ക്ക് 26 രൂപ നിരക്കിൽ 10 കിലോഗ്രാം അരിയും, പിങ്ക് കാർഡിന് ഇതേ നിരക്കിൽ 3 കിലോ അരിയും നൽകുമെന്നായിരുന്നു പ്രഖ്യാപനം. ലക്ഷക്കണക്കിന് സാധാരണക്കാർക്കാണ് സ്പെഷ്യൽ അരി നിഷേധിക്കപ്പെട്ടിരിക്കുന്നത്.
തുണിസഞ്ചി ഉൾപ്പെടെ വെളിച്ചെണ്ണ (അര ലിറ്റർ), പായസക്കൂട്ട്, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, കടല, നെയ്യ്, ചായപ്പൊടി, സാമ്പാർപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പുപൊടി തുടങ്ങി 16 ഇനങ്ങളാണ് കിറ്റിലുള്ളത്. എന്നാൽ ഇതൊന്നും അർഹരായവരുടെ കൈകളിൽ കൃത്യമായി എത്തുന്നില്ല. പദ്ധതികൾ പ്രഖ്യാപിച്ചാൽ മാത്രം പോരാ ഓണം വരുന്നതിന് മുമ്പ് അർഹരുടെ കൈകളിൽ അത് എത്തണം. ഓണക്കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല, അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട അവകാശമാണ്. അത് കൃത്യസമയത്ത് എത്തിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നാണ് യുഡിഎഫ് സർക്കാർ ഒളിച്ചോടുന്നത്.









0 comments