ദേശീയ വക്താവ് ബിജെപി വിട്ടു

ഷെഹ്സാദ് പൂനാവാല
ന്യൂഡൽഹി: ദേശീയ വക്താവ് ബിജെപി വിട്ടു. ഷെഹ്സാദ് പൂനാവാലയാണ് ബിജെപിപാർടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതായി എക്സിലൂടെ അറിയിച്ചത്. സാമ്പത്തികവും വ്യക്തിപരവുമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖംകൂടിയായിരുന്ന പൂനാവാലയുടെ രാജി പാർടിക്ക് വലിയ തിരിച്ചടിയായി. ജൂലൈ 30 ന് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നും എന്നാൽ രാജി സ്വീകരിക്കാതെ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പൂനാവാല പറഞ്ഞു. എന്നാൽ തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് രാജിക്കത്ത് അദ്ദേഹം എക്സിലൂടെ പുറത്തുവിടുകയായിരുന്നു.
ഇത് തന്റെ അന്തിമതീരുമാനമാണെന്നും രാജി അംഗീകരിക്കണമെന്നും ബിജെപി നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ അവസാനത്തോടെ ഷെഹ്സാദ് പൂനാവാല എക്സിലെ ബിജെപി ദേശീയ വക്താവ് എന്ന ബയോ മാറ്റുകയും ചെയ്തിരുന്നു. അഭിഭാഷകനായ പൂനാവാല കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. 2017 ൽ കോൺഗ്രസിലെ തർക്കങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.








0 comments