ad
Deshabhimani

ഓണസദ്യ ചെലവേറും; വറുത്ത ഉപ്പേരിക്കും ശർക്കരവരട്ടിക്കും വില കൂടുന്നു

Onam Chips
avatar
പി എസ് മഞ്ജരി

Published on Aug 17, 2026, 11:30 AM | 2 min read

തിരുവനന്തപുരം : ഓണമെന്നാൽ വിഭവ സമൃദ്ധമായ സദ്യയുടെ ഉത്സവം കൂടിയാണ്. ഓണത്തിന് സദ്യ വിളമ്പുമ്പോൾ ഇലയുടെ ഇടത് വറുത്ത ഉപ്പേരിയും ശർക്കരവരട്ടിയും നിർബന്ധവുമാണ്. എന്നാൽ ഇത്തവണ സാധാരണക്കാർക്കും കച്ചവടക്കാർക്കും തിരിച്ചടിയായത് വിലക്കയറ്റമാണ്. നേന്ത്രക്കുലക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയതാണ് വറുത്ത ഉപ്പേരിക്കും ശർക്കരവരട്ടിക്കും വില വർധിക്കാൻ കാരണം. തൃശൂരും കോഴിക്കോടും കിലോക്ക് 400 രൂപ മുതലാണ് ഇവയുടെ ഇപ്പോഴത്തെ വില. തിരുവനന്തപുരത്ത് കിലോക്ക് 560 രൂപയാണ് വില. ഉത്രാടമാവുമ്പോൾ വില ഇതിലൂം കൂടും.


ഓണക്കാലമെത്തിയതോടെ ആവശ്യക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. എന്നാൽ നേന്ത്രക്കായയുടെ ക്ഷാമത്തിന് പുറമെ വെളിച്ചെണ്ണയുടെ പൊള്ളുന്ന വിലയും കച്ചവടത്തിനെ ബാധിക്കുന്നുണ്ട്. നേന്ത്രക്കുലക്ക് വിപണിയിൽ 60 മുതൽ 65 രൂപവരെയാണ് വില. കടുത്ത ക്ഷാമം നേരിടുന്നതിനാൽ തമിഴ്നാട്ടിലെ സത്യമം​ഗലത്ത് നിന്നെത്തുന്ന ​ഗുണമേന്മ കുറഞ്ഞ നേന്ത്രക്കായകളാണ് വ്യാപാരികൾ പ്രധാനമായും വറുത്ത ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ടാക്കാൻ കൊണ്ടുപോകുന്നത്. പഴുത്താൽ ഉൾഭാ​ഗം കല്ലിച്ചു പോവുന്നതിനാൽ ഇവ പഴുപ്പിക്കാറില്ല. തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ ഇവയ്ക്ക് വിപണിയിൽ വില കൂടുതലുമാണ്. ഇതോടെ വറുത്ത ഉപ്പേരിക്കും ശർക്കരവരട്ടിക്കും വില വർധിപ്പിക്കാൻ കച്ചവടക്കാർ നിർബന്ധിതരായി.


ഓണമൊക്കെയല്ലേ വറുത്ത ഉപ്പേരിയും ശർക്കര വരട്ടിയും വീട്ടിലുണ്ടാക്കാമെന്ന് വിചാരിച്ചാലോ? വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 300 മുതൽ 450 വരെയാണ് വില. രൂപയ്ക്ക് മുകളിലാണ് വില. സൂര്യകാന്തി എണ്ണയിൽ വറുത്തെടുക്കുന്ന വറുത്ത ഉപ്പേരിയും ശർക്കര വരട്ടിയും കിലോക്ക് 340 രൂപമുതൽ വിപണിയിൽ ലഭ്യമാണ്. എന്നാൽ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ തനത് രുചിയിലുള്ള വറുത്ത ഉപ്പേരിയും ശർക്കര വരട്ടിയുമാണ് മലയാളികൾക്ക് പ്രിയം. ഓണക്കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഇതിനാണ്. നിലവിൽ 400 മുതൽ തുടങ്ങുന്നതെങ്കിലും നേന്ത്രക്കായ ലഭ്യത കുറവായതിനാലും വെളിച്ചെണ്ണക്ക് വില കൂടിയതിനാലും ഓണമടുക്കും തോറും വറുത്ത ഉപ്പേരിക്കും ശർക്കര വരട്ടിക്കും ഇനിയും വില കൂടുമെന്ന് വ്യാപാരികൾ പറയുന്നു. ചിപ്സിന് എല്ലായ്പ്പോഴും വിറ്റു പോവുമെങ്കിലും ശർക്കരവരട്ടിക്ക് ഓണത്തിനും വിഷുവിനുമാണ് ആവശ്യക്കാരുള്ളത്.


ഓൺലൈനിലും ഇത്തവണ വറുത്ത ഉപ്പേരിയും ശർക്കര വരട്ടിയും ലഭ്യമാണ്. ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് വഴിയൊക്കെ ഓർഡർ ചെയ്താൽ 3-5 ദിവസത്തിനുള്ളിൽ എത്തിച്ചു നൽകുന്ന ഓൺലൈൻ വില്പനക്കാരുണ്ട്. എന്നാൽ ചിലരൊക്കെ 500 ​ഗ്രാമിന് 300 രൂപമുതലാണ് വില ഈടാക്കുന്നത്. വിവിധ കുടുംബശ്രീ യൂണിറ്റുകളും ഓണച്ചന്തയിൽ വറുത്ത ഉപ്പേരിയും ശർക്കര വരട്ടിയുമായി എത്തുന്നുണ്ട്. വിലയെത്ര കൂടിയാലും ഓണക്കാലത്ത് മലയാളികൾ ഉപ്പേരിയെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home